ഓസീസ്-പാക് പരമ്പര യുഎ‌ഇയില്‍

Webdunia
ശനി, 28 ഫെബ്രുവരി 2009 (12:09 IST)
പാകിസ്ഥാനെതിരെ ഓസ്ട്രേലിയ യുഎ‌ഇയില്‍ ഏകദിന പരമ്പര കളിക്കും. ഏപ്രില്‍ 22 മുതലാണ് പരമ്പര ആരംഭിക്കുക. ഒരു ട്വന്‍റി20 മത്സരത്തിലും ഇരു ടീമുകളും ഏറ്റുമുട്ടും.

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും ട്വന്‍റി20ക്കും ദുബായ് ആകും വേദിയാകുക. ബാക്കി മത്സരങ്ങള്‍ അബുദബിയിലാണ് നടത്തുക. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീം ഇവിടെ നിന്നും നേരിട്ട് ദുബായിലെത്തിച്ചേരും. ഏപ്രില്‍ 17ന് ടീം ജോഹന്നാസ് ബര്‍ഗില്‍ നിന്നും യാത്ര തിരിക്കും. 2008 മാര്‍ച്ചില്‍ പാകിസ്ഥാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഓസീസിന്‍റെ പാക് പര്യടനം റദ്ദ് ചെയ്തിരുന്നു.

1998 ന് ശേഷം കംഗാരുക്കള്‍ പാകിസ്ഥാനില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. 2002ല്‍ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കൊളംബോയിലേക്കും ഷാര്‍ജയിലേക്കും മാറ്റുകയായിരുന്നു.