ഒടുവില്‍ ഓസീസ് ടെസ്റ്റിന് സമ്മതിച്ചു

Webdunia
ശനി, 5 ജൂണ്‍ 2010 (14:55 IST)
PRO
ഈ വര്‍ഷം ഒക്ടോബറില്‍ നടത്തുന്ന ഇന്ത്യന്‍ പര്യടനത്തിനിടെ രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര കളിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തത്വത്തില്‍ സമ്മതിച്ചു. ഏഴ് ഏകദിനങ്ങള്‍ക്ക് പകരം മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും കളിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സമ്മതം മൂളിയിരിക്കുന്നത്. പരമ്പരയുടെ തീയ്യതികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിക്കുമെന്ന് ബി സി സി ഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു.

സെപ്റ്റംബറില്‍ ഇന്ത്യയിലെത്തുന്ന ഓസ്ട്രേലിയ ഒക്ടോബര്‍ 31 വരെ രാജ്യത്തുണ്ടാകും. അതേസമയം ഒക്ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിനിടെ പരമ്പര നടത്തേണ്ടി വരുമെന്നത് ബി സി സി ഐയെ കുഴക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീമിന് റാങ്കിംഗ് നിലനിര്‍ത്താന്‍ ഈ വര്‍ഷം മതിയായ ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കേണ്ടിയിരുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാക്കി ബി സി സി ഐ പുന:ക്രമീകരിച്ചിരുന്നു. ജൂലൈയില്‍ ഏഷ്യാ കപ്പിനുശേഷം ശ്രീലങ്കക്കെതിരെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

ഇതിനുശേഷമായിരിക്കും ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനം. ഇതിനുശേഷം നവംബറില്‍ മൂന്നു ടെസ്റ്റുകളും ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും.