ഐ പി എല്‍ കണ്ടോളൂ, മൂക്ക് തകരാതെ നോക്കണം!

Webdunia
വ്യാഴം, 19 ഏപ്രില്‍ 2012 (16:28 IST)
PTI
ഐ പി എല്‍ കാണാന്‍ സ്റ്റേഡിയത്തിന്‍റെ ഗാലറികളില്‍ ചെന്നിരിക്കുന്നവര്‍ സൂക്ഷിക്കുക. സിക്സറുകളും ബൌണ്ടറികളും കണ്ട് ആവേശം കൊള്ളുമ്പോള്‍ മൂക്ക് തകരാതെ നോക്കണം. അങ്ങനെയൊരു സംഭവം ബാംഗ്ലൂരില്‍ ഉണ്ടായി. പുനെ വാരിയേഴ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരുന്ന ബാലികയുടെ മൂക്കാണ് പന്തുകൊണ്ട് തകര്‍ന്നത്.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ല്‍ അടിച്ചുപറത്തിയ പന്ത് ഗാലറിയിലിരുന്ന് കളികണ്ട ടിയ എന്ന പതിനൊന്നുകാരി പെണ്‍കുട്ടിയുടെ മൂക്കില്‍ വന്ന് പതിക്കുകയായിരുന്നു. മൂക്ക് തകര്‍ന്ന ബാലികയെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി.

താന്‍ കാരണം ഇങ്ങനെ ഒരു സംഭവമുണ്ടായതില്‍ ദുഃഖം രേഖപ്പെടുത്തിയ ക്രിസ് ഗെയ്‌ല്‍ ആശുപത്രിയിലെത്തി ടിയയെ ആശ്വസിപ്പിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ബാറ്റ് ചെയ്ത പതിമൂന്നാം ഓവറില്‍ അഞ്ച് കൂറ്റന്‍ സിക്സറുകളാണ് ഗെയ്‌ല്‍ നേടിയത്. അതിലൊരു സിക്സറാണ് ടിയയുടെ മൂക്കില്‍ ഇടിച്ചത്.