ഇന്ത്യന്‍ ടീം പ്രഖ്യാപനം വെള്ളിയാഴ്ച

Webdunia
ബുധന്‍, 11 ഫെബ്രുവരി 2009 (10:29 IST)
PTI
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ട്വന്‍റി-20 ടീമുകളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ടെസ്റ്റ്‌ ടീമിനെ ഏകദിന പരമ്പരയ്ക്കിടയില്‍ തിരഞ്ഞെടുക്കും. ശ്രിലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുമെന്നാണ് സൂചന.

സൌരാഷ്ട്രയുടെ ചേതശ്വര്‍ പുജാരയും തമിഴ്നാട് താരം എസ് ബദരീനാഥും കേരളത്തിന്‍റെ എസ് ശ്രീശാന്തുമാണ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന താരങ്ങള്‍.

പരുക്കില്‍ നിന്ന് മോചിതനയി തിരിച്ചെത്തിയ ശ്രീശാന്ത് ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദുലീപ് ട്രോപ്ഫിയിലെ മിന്നുന്ന ബൌളിംഗിലൂടെ മുംബൈയുടെ രമേഷ് പൊവാറും ടീമിലേക്ക് പരിഗണിക്കാനുളള അവകാശവാദമുന്നയിച്ചിട്ടുണ്ട്. മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായെ പര്യടനത്തിനുള്ള ടീം മാനേജരായി ബി സി സി ഐ നിയമിച്ചിട്ടുണ്ട്.

ഈ മാസം 19നു ന്യൂസിലന്‍ഡിലേക്കു പോകുന്ന ഇന്ത്യ ഫെബ്രുവരി 25, 27 തീയ്യതികളില്‍ ട്വന്‍റി-20 മല്‍സരങ്ങള്‍ കളിക്കും. മാര്‍ച്ച്‌ മൂന്ന്‌, ആറ്‌, എട്ട്‌, 11, 14 തീയ്യതികളിലാണ് ഏകദിനങ്ങള്‍. ആദ്യ ടെസ്റ്റ് മാര്‍ച്ച്‌ 18നും, രണ്ടാം ടെസ്റ്റ് മാര്‍ച്ച് 26നും, മൂന്നാം ടെസ്റ്റ് ഏപ്രില്‍ മൂന്നിനും നടക്കും.