അക്തര്‍ ഫിറ്റ്നസ് തെളിയിക്കണം: കാസിം

Webdunia
വെള്ളി, 31 ജൂലൈ 2009 (13:25 IST)
PRO
PRO
ദേശീയ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ അക്തര്‍ ഫിറ്റ്നസ് തെളിയിക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സെലക്ടര്‍ ഇഖ്ബാല്‍ കാസിം. ശാരീരിക ക്ഷമത തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് അക്തര്‍ ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള സാധ്യതാ പട്ടികയിലും അക്തര്‍ ഇടം നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാസിമിന്‍റെ പ്രസ്താവന. ഗദ്ദാഫി സ്റ്റേഡിയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികക്ഷമതയുള്ള അക്തര്‍ പാകിസ്ഥാന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്ന് കാസിം പറഞ്ഞു. അക്തറിന്‍റെ കാലം കഴിഞ്ഞു എന്ന മുന്‍ ക്യാപ്ടന്‍ വസീം അക്രത്തിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റാവല്‍പ്പിണ്ടി എക്സ്പ്രസിന് ഇനിയും ഒരുപാട് കാലം അവശേഷിക്കുന്നുണ്ട്. കായിക ക്ഷമത തെളിയിച്ച് ദേശീയ ടീമില്‍ തിരിച്ചെത്തണമെന്നാണ് അക്തറിന് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും കാസിം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30 അംഗ സാധ്യതാ ടീമിലേക്ക് അക്തറിന്‍റെ പേര് കാസിം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി തള്ളുകയായിരുന്നു. എന്നാല്‍, വരാന്‍ പോകുന്ന ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് അക്തറെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.