പന്തേ... സൂക്ഷിച്ചോ, ഇത് അവസാന വഴിയാണ് !

Webdunia
ശനി, 14 ഡിസം‌ബര്‍ 2019 (15:57 IST)
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ക്യാപ്‌റ്റൻ വിരാട് കോഹ്ലിയും ടീമും. ഏകദിനത്തിൽ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി അല്ല വിൻഡീസ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 
 
ഏകദിനത്തില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെ ഈ പരമ്പരയിലും കാണാനാകില്ല. പരുക്കിനെ തുടർന്ന് താരം പുറത്താണ്. പകരക്കാരമായി മായങ്ക് അഗര്‍വാളാണ് ടീമിലെത്തിയത്. പക്ഷേ, മായങ്കിനെ ഓപ്പണറാക്കുമോ എന്ന് സംശയമാണ്. കാരണം, ടി20യില്‍ ക്ലിക്കായ രോഹിത് ശര്‍മ- ലോകേഷ് രാഹുല്‍ സഖ്യത്തെ തന്നെ പരീക്ഷിക്കാനാകും കോഹ്ലിയും രവി ശാസ്ത്രിയും തീരുമാനിക്കുക. 
 
ധവാന് പിന്നാലെ, മുന്‍നിര പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്ന് വിട്ടു നിൽക്കുകയാണ്. ഭുവനേശ്വറിന് പകരക്കാരനായി ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്തിയത്. അതേസമയം, ഈ മത്സരം ഏറെ നിർണായകമാകുന്നത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായിരിക്കും. 
 
പന്തിനു തിളങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അവസരങ്ങൾ ഏറെ തവണ ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താൻ കഴിയാത്ത താരമാണ് പന്ത്. ഈ പരമ്പരയിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പന്തിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും. കഴിഞ്ഞ ടി20 പരമ്പരയില്‍ പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മാത്രമല്ല വിക്കറ്റ് കീപ്പിങിലും താരം ചില പിഴവുകള്‍ വരുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article