രോഹിത് ശര്‍മ ഉറങ്ങിപ്പോയോ? പന്തും കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യയും എന്തുചെയ്തു? ധോണിയെ ക്രൂശിക്കാന്‍ നോക്കിയാല്‍ കളി മാറും!

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (21:04 IST)
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്‍റി20യില്‍ ഇന്ത്യ തോല്‍ക്കാനുണ്ടായ പ്രധാന കാരണം എന്താണ്? അത് എം എസ് ധോണിയുടെ അലസമായ ബാറ്റിംഗാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന് വിശേഷണമുള്ള ധോണിയെ ഈ ഒരൊറ്റ തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ ക്രൂരമായി വിചാരണ ചെയ്യുകയാണ് പലരും.
 
എന്നാല്‍ ധോണിയുടെ മെല്ലെപ്പോക്ക് നയമാണ് ഇന്ത്യയുടെ തോല്‍‌വിയുടെ പ്രധാന കാരണമെന്ന് ആരോപിക്കുന്നവര്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുണ്ട്. ഇന്ത്യയുടെ മറ്റ് വമ്പന്‍‌മാരുടെ സംഭാവന ആ കളിയില്‍ എന്തായിരുന്നു? ഹിറ്റ്മാന്‍ രോഹിത് ശര്‍മ അന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ച റണ്‍സ് എത്രയാണ്?
 
അഞ്ച് റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ അന്നത്തെ മത്സരത്തില്‍ നേടിയത്. ധോണിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തേ ഇത് കാണാതെ പോകുന്നു. പുതിയ താരോദയമായ റിഷഭ് പന്ത് നേടിയത് വെറും മൂന്ന് റണ്‍സായിരുന്നു. ആരോപണക്കാര്‍ എന്തുകൊണ്ട് പന്തിന്‍റെ ബാറ്റിംഗിനെപ്പറ്റി ഒരക്ഷരം പറയുന്നില്ല?
 
ബെസ്റ്റ് ഫിനിഷര്‍ എന്ന് വാഴ്ത്തിപ്പാടുന്ന ദിനേഷ് കാര്‍ത്തിക്ക് എത്ര റണ്‍സ് സംഭാവന ചെയ്തു? വെറും ഒരു റണ്‍ മാത്രമായിരുന്നു കാര്‍ത്തിക്കിന്‍റെ നേട്ടം. ക്രുനാല്‍ പാണ്ഡ്യയും ഒരു റണ്‍ മാത്രമാണ് നേടിയത്. ഇവിടെയാണ്, അത്രയും സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും 29 റണ്‍സ് നേടിയ ധോണിയെ വിമര്‍ശിക്കാന്‍ ആളുകള്‍ സമയം കണ്ടെത്തുന്നത്.
 
ധോണി ബാറ്റിംഗിനിറങ്ങുന്ന സമയത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി കൊഴിയുന്ന സാഹചര്യമായിരുന്നു. അവിടെ പിടിച്ചുനിന്ന് ബാറ്റ് ചെയ്യുക, റണ്‍സ് താനേ വരും എന്നത് ആര്‍ക്കും അറിയാവുന്ന നിയമമാണ്. അതുതന്നെയാണ് ധോണി ഫോളോ ചെയ്തത്.
 
എന്നാല്‍ അവസാനനിമിഷം കത്തിക്കയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് സ്കോര്‍ബോര്‍ഡില്‍ റണ്‍സ് കുറയാന്‍ കാരണം. പ്രതിസന്ധിഘട്ടത്തിലൊക്കെ രക്ഷകന്‍റെ വേഷം കെട്ടിയിട്ടുള്ള ധോണിക്ക് പക്ഷേ ഈ കളിയില്‍ പിഴച്ചു എന്നത് വസ്തുതയാണ്. എന്നാല്‍ അതിന്‍റെ പേരില്‍ ധോണിയാണ് ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനം തോല്‍ക്കാന്‍ പ്രധാന കാരണമെന്ന് വിമര്‍ശിക്കുന്നത് നമ്മുടെ മറ്റ് ദൌര്‍ബല്യങ്ങളെ ബോധപൂര്‍വം കാണാതിരിക്കുന്നതിന് തുല്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article