ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ട്വന്റി-20 പരമ്പരയെന്ന ഇന്ത്യന്‍ മോഹം നാല് റണ്‍സകലെ അവസാനിച്ചു. പൊരുതാതെ കീഴടങ്ങിയെന്ന ചീത്തപ്പേര് മാത്രം രോഹിത് ശര്‍മ്മയും കൂട്ടരും കേള്‍പ്പിച്ചില്ല. 213 റണ്‍സ് വിജയ ലക്ഷ്യം രാജകീയമായി തന്നെ പിന്തുടര്‍ന്നു.
ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക് - ക്രുനാല്‍ പാണ്ഡ്യ സഖ്യം തകര്‍ത്തടിച്ചു. ടീമിനെ വിജയത്തിന്റെ വക്കോളമെത്തിച്ചു. 28 പന്തില്‍ നിന്ന് 68 റണ്‍സാണ് ഇരുവരും സ്വന്തമാക്കിയത്. എന്നാല്‍ അവസാന ഓവറില്‍ വേണ്ടിയിരുന്ന മാജിക്കല്‍ നമ്പറായ 16 എത്തിപ്പിടിക്കാന്‍ ഇവര്‍ക്കായില്ല.
മനോഹരമായ പ്രകടനമാണ് കാര്‍ത്തിക് - ക്രുനാല്‍ ജോഡി പുറത്തെടുത്തത്. അതിനിടെ തോല്‍വിയുടെ ഉത്തരവാദി കാര്‍ത്തിക് ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ശക്തമായി. അവസാന ഓവറില്‍ ക്രുനാലിന് സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിക്കാത്തെ കാര്‍ത്തിക്കിന്റെ തീരുമാനമാണ് ഒരു വിഭാഗം ആരാധകരുടെ എതിര്‍പ്പിന് കാരണമായത്.
ന്യൂസിലന്‍ഡിന്റെ ഒന്നാം ബോളറായ സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ട കാര്‍ത്തിക് രണ്ട് റണ്‍സ് നേടി. രണ്ടാം പന്തില്‍ റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ വലിയ ഷോട്ട് കളിച്ചെങ്കിലും പന്ത് ലോംഗ് ഓണിലെ ഫീല്‍ഡറുടെ കൈകളില്‍ എത്തി. ഇത് അനായാസ സിംഗിള്‍ ആയിരുന്നതിനാല്‍ റണ്ണിനായി ഓടിയ ക്രുനാല്‍ പാണ്ഡ്യയെ കാര്‍ത്തിക് മടക്കി അയച്ചു.
മറ്റു മാര്‍ഗമില്ലാതെ വന്നതോടെ നാലാമത്തെ പന്തില്‍ കാര്‍ത്തിക്ക് സിംഗിളെടുത്തു. അഞ്ചാം പന്തില്‍ ക്രുനാലും സിംഗിള്‍ നേടി. അവാസന പന്തില്‍ കാര്‍ത്തിക് സിക്‍സ് നേടിയെങ്കിലും അനിവാര്യമായ തോല്‍വി ഇന്ത്യയെ പിടികൂടിയിരുന്നു.
മൂന്നാം പന്തില്‍ കാര്‍ത്തിക്ക് സ്‌ട്രൈക്ക് കൈമാറിയിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. സൗത്തിയുടെ മുന്‍ ഓവറില്‍ ക്രുനാല്‍ മികച്ച പ്രകടനമാണ് നടത്തിയത്. കാര്‍ത്തിക്കിന് പാണ്ഡ്യയയില്‍ വിശ്വാസമില്ലാതിരുന്നതും, നിദാഹാസ് ട്രോഫിയില്‍ പുറത്തെടുത്ത പ്രകടനം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന അമിത ആത്മവിശ്വാസവുമാണ് ഈ വീഴ്‌ചയ്‌ക്ക് കാരണമായതെന്നാണ് ആരാധകര്‍ വാദിക്കുന്നു.