ഈ യുവരാജ്‌സിംഗിനെന്തു പറ്റി? ബോളീവുഡ് താരം ദീപികാ പദുക്കോണുമായി ബന്ധപ്പെട്ട പ്രണയ ഗോസിപ്പുകള്‍ക്കും സ്ഥിരീകരണത്തിനും ശേഷം കാറ്റു പോയ ബലൂണ്‍ പോലെയായി ഇന്ത്യന്‍ താരത്തിന്‍റെ അവസ്ഥ. ട്വന്‍റി ലോകകപ്പിലും പാകിസ്ഥാന്‍റെ ഇന്ത്യാ പര്യടനത്തിലും പൊട്ടിത്തെറിച്ച യുവി ഓസ്ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളില്‍ ഫോം കണ്ടെത്താനാകാതെ വലയുകയാണ്.
ട്വന്‍റി ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം പാകിസ്ഥാനെതിരെ ഉജ്വലസെഞ്ച്വറി നേടിയ യുവി ഓസീസില്‍ എത്തിയപ്പോള്‍ ക്രിക്കറ്റ്പണ്ഡിതരുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രത്യേകിച്ചും ഓസ്ട്രേലിയയ്‌ക്കെതിരെ എപ്പോഴും മികച്ച പ്രകടനം പേരില്‍ ഉള്ളപ്പോള്‍. എന്നാല്‍ കംഗാരുക്കള്‍ക്ക് എതിരെ നാലു ടെസ്റ്റില്‍ രണ്ടെണ്ണത്തിലും മോശം പ്രകടനം തുടര്‍ന്ന യുവിയുടെ ഏകദിനത്തിലെ ഫലവും തഥൈവ ആകുകയാണ്.
ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഉപനായകന് ഇറങ്ങാന്‍ കഴിഞ്ഞില്ല. പരുക്കേറ്റതിനാല്‍ പകരമെത്തിയത് മനോജ് തിവാരിയായിരുന്നു. തുടക്കക്കാരനായ തിവാരിക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ മത്സരത്തില്‍ യുവിക്ക് തന്നെ ഇന്ത്യ അവസരം നല്‍കി. എന്നാല്‍ ഈ മത്സരത്തില്‍ 11 പന്തുകള്‍ക്ക് ശേഷം രണ്ട് റണ്‍സുമായി യുവി വീണു. അടുത്ത രണ്ട് മത്സരത്തിലും വ്യത്യാസമായില്ല.
മെല്‍ബണിലെ ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ 11 പന്തുകളില്‍ മൂന്ന് റണ്‍സായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ സംഭാവന. ശ്രീലങ്കയ്‌ക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും യുവരാജിന്‍റെ സംഭാവന മെച്ചമായില്ല. ആറു റണ്‍സ് മാത്രമെടുത്ത യുവി ഒരു ഫോര്‍ പായിച്ച ശേഷം മലിംഗയുടെ പന്തില്‍ പുറത്തായി.
എന്നാല്‍ ഓരോ തവണയും പരാജയപ്പെടുമ്പോള്‍ നായകന്‍ ഉപനായകനെ രക്ഷിക്കാനെത്തുന്നതു കാണാമായിരുന്നു. കഴിഞ്ഞ മത്സരത്തിനു ശേഷമുള്ള പത്ര സമ്മേളനത്തില്‍ യുവിയില്‍ നിന്നും നിങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് അദ്ദേഹം പരാജയപ്പെടുമ്പോള്‍ നിരാശ തോന്നുന്നതെന്നായിരുന്നു ധോനിയുടെ വിശദീകരണം. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഫോം നോക്കേണ്ടെന്നും ധോനി പറഞ്ഞു.
ഫീല്‍ഡിംഗിലും യുവി മോശമാകുന്നെന്നാണ് വിദഗ്‌ദരുടെ കണ്ടെത്തല്‍. എന്നാല്‍ താന്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും യുവിയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ലെന്നും ധോനി പറയുന്നു. അതേ സമയം തന്നെ ബോളീവുഇഡ് താരവുമായുള്ള പ്രണയത്തില്‍ യുവി ക്രിക്കറ്റ് മറന്നോ എന്നാണ് ആരാധകരുടെ ആശങ്ക. രണ്ടു മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നതിനാല്‍ അടുത്ത മത്സരത്തില്‍ യുവി തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്