മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ലഭിച്ച സിനിമയാണ് കസബ. ആദ്യ ദിനത്തില്‍ തന്നെ രണ്ടരക്കോടി കളക്ഷന്‍ നേടിയ സിനിമ. വന്‍ റെക്കോര്‍ഡുകളൊക്കെ കടപുഴക്കുമെന്ന് ഏവരും കരുതിയ സിനിമ. എന്നാല്‍ രണ്ടാം വാരത്തില്‍ സിനിമ കിതയ്ക്കുകയാണ്. കളക്ഷനില്‍ ദിനംപ്രതി വന്‍ ഇടിവാണ് സംഭവിക്കുന്നത്.
ആദ്യ എട്ടുദിവസം കൊണ്ട് പത്തുകോടി രൂപയാണ് കസബ കേരളത്തില്‍ നിന്നുമാത്രം സ്വന്തമാക്കിയത്. ഒമ്പതാം ദിനം സിനിമയ്ക്ക് ലഭിച്ചത് വെറും 41 ലക്ഷം രൂപയാണ്. വാരാന്ത്യത്തില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇനിയിപ്പോള്‍ കസബയുടെ കളക്ഷനില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കാനും കഴിയില്ല. കാരണം അടുത്തയാഴ്ച രജനികാന്തിന്‍റെ കബാലി റിലീസ് ചെയ്യും.
എങ്കിലും കസബ കൊമേഴ്സ്യല്‍ വിജയം തന്നെയാണ്. നിര്‍മ്മാതാവ് സേഫായി. ഇനിഷ്യല്‍ കളക്ഷന്‍ ചിത്രത്തെ രക്ഷിച്ചു എന്നുപറയാം. സാറ്റലൈറ്റ് റൈറ്റും റീമേക്ക് റൈറ്റ്സുമൊക്കെ ലഭിക്കുന്നതോടെ നിഥിന്‍ രണ്‍ജി പണിക്കരുടെ ആദ്യ സിനിമ ലാഭം നേടിയ സിനിമയായി എന്ന് നിസംശയം പറയാം.