ഈ വെള്ളിയാഴ്ച മോഹന്‍ലാല്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമ റിലീസാകും. മനമന്തയ്ക്കും ജനതാ ഗാരേജിനും മന്യം പുലിക്കും ശേഷം മോഹന്‍ലാലിന്‍റേതായി തെലുങ്ക് പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന സമ്മാനമാണിത്.
എന്നാല്‍ ഇത് നേരിട്ട് തെലുങ്കില്‍ ചിത്രീകരിച്ച ഒരു സിനിമയല്ല. മലയാളത്തിലെ മെഗാഹിറ്റ് സിനിമ ‘ഒപ്പ’ത്തിന്‍റെ ഡബ്ബിംഗ് പതിപ്പാണ് ഡിസംബര്‍ 30ന് റിലീസാകുന്നത്. ‘കനുപപ്പ’ എന്നാണ് സിനിമയുടെ പേര്.
മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ഒപ്പം ഉള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് ത്രില്ലര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്.
പുലിമുരുകന്‍റെ ഡബ്ബിംഗ് പതിപ്പായ മന്യം പുലി റിലീസായി അധികനാള്‍ കഴിയും മുമ്പേയാണ് ഒപ്പത്തിന്‍റെ ഡബ്ബിംഗ് പതിപ്പും എത്തുന്നത്. ഇതിനോടകം തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകരായി മാറിക്കഴിഞ്ഞ തെലുങ്ക് പ്രേക്ഷകര്‍ ‘കനുപപ്പ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്.