പ്രണയവും സംഗീതവും നിറഞ്ഞ 'സൂഫിയും സുജാതയും' ട്രെയിലർ

കെ ആര്‍ അനൂപ്
ബുധന്‍, 24 ജൂണ്‍ 2020 (13:11 IST)
സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. നടൻ ധനുഷ് ആണ് ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വിട്ടത്. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് കൂടിയായ ചിത്രം ജൂലൈ മൂന്നിനാണ് ആമസോൺ പ്രൈമിൽ റിലീസ് ആവുന്നത്. പ്രണയത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാണ് സൂഫിയും സുജാതയും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതിമനോഹരമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിനായി എം ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നത്.
 
ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നതോടെ മലയാളത്തിൽ ഒരു സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആദ്യമായി റിലീസാകുന്നത് കാണാനുള്ള ത്രില്ലിലാണ് ആരാധകർ. 
 
ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമ്മിക്കുന്നത്. നാറാണിപ്പുഴ ഷാനവാസാണ് 'സൂഫിയും സുജാത'യും സിനിമയുടെ സംവിധായകന്‍. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ അതിഥി റാവുവാണ് നായിക വേഷത്തിലെത്തുന്നത്. ലോക്ക് ഡൗൺ നീളുന്ന ഈ സാഹചര്യം കണക്കിലെടുത്താണ് വിജയ് ബാബു ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. 
 
ചിത്രത്തിൻറെ റിലീസിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസിന് എത്തുന്നത്. അനു മൂത്തേടത്ത് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article