ശനിയാഴ്ച ബംഗ്ലാദേശിനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ വിശ്വരൂപം പുറത്തുകാണിച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്.സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇപ്പോഴും സഞ്ജുവിനെ ആഘോഷിക്കുന്നത് നിര്‍ത്തിയിട്ടില്ല. സമാനമായിരുന്നു ഇന്ത്യന്‍ ക്യാമ്പിന്റെയും അവസ്ഥ. മത്സരശേഷം ഗെയിം ചെയ്ഞ്ചര്‍ അവാര്‍ഡും പ്ലെയര്‍ ഓഫ് ദ മാച്ച് ട്രോഫിയും സഞ്ജുവിന് ലഭിച്ചപ്പോള്‍ ഹര്‍ദ്ദിക്കുന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ചിരിച്ചുകൊണ്ട് നിലത്ത് വീഴുന്നതും സൂര്യകുമാര്‍ അടക്കമുള്ള താരങ്ങള്‍ ആര്‍പ്പുവിളിക്കുന്നതും കാണാമായിരുന്നു.
രവി ബിഷ്‌ണോയ്,തിലക് വര്‍മ,അഭിഷേക് ശര്‍മ തുടങ്ങിയ യുവതാരങ്ങളും ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. പുരസ്‌കാരം സഞ്ജുവിന് നല്‍കുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ മുരളി കാര്‍ത്തിക് ഇക്കാര്യം സഞ്ജുവിനോട് ചോദിക്കുകയും ചെയ്തു. സഹതാരങ്ങളുടെ പ്രതികരണത്തെ പറ്റി സഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു. ഡ്രസ്സിംഗ് റൂമിലെ ഊര്‍ജമാണ് ഇത് കാണിക്കുന്നത്. ഞാന്‍ നല്ല പ്രകടനം കാഴ്ചവെച്ചതില്‍ ടീം ഒന്നടങ്കം സന്തോഷിക്കുന്നു. ഞാനും വളരെ അന്തുഷ്ടനാണ്.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി 2 തവണ ഡക്കായി പുറത്തായി കേരളത്തില്‍ മടങ്ങിയപ്പോള്‍ ഇനി എന്ത് എന്ന ചിന്തയായിരുന്നു മനസില്‍, എന്നാല്‍ ടീം മാനേജ്‌മെന്റ് തന്ന പിന്തുണ വലുതാണ്. ഞങ്ങളുടെ ലീഡര്‍ ഗ്രൂപ്പ് എന്നോട് എപ്പോഴും പറയാറുണ്ട്. നിങ്ങളുടെ കഴിവ് എന്താണെന്ന് ഞങ്ങക്കറിയാം. എന്ത് തന്നെയായാലും നിങ്ങളെ പിന്തുണയ്ക്കുന്നു. വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അവരത് കാണിച്ചു തന്നു. ഈ പരമ്പരയിലും അവരെന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും പരിശീലകനും പുഞ്ചിരിക്കാനായി എന്തെങ്കിലും നല്‍കാനായതില്‍ ഞാന്‍ സന്തുഷ്ടനാണ് സഞ്ജു പറഞ്ഞു.