സമീപകാലത്തിറങ്ങിയ സിനിമകള്‍ അത്രകണ്ട് വിജയമായില്ലെങ്കിലും വരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകളെല്ലാം തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ളതാണ്. ബറോസിന് ശേഷം തരുണ്‍ മൂര്‍ത്തി സിനിമയും പിന്നാലെ പൃഥ്വിരാജ് സിനിമയായ എമ്പുരാനുമാണ് 2025ല്‍ മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനായി ഇരിക്കുന്നത്. ഇതിന് പിന്നാലെ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിനിമയും തിയേറ്ററുകളിലെത്തും.
മലയാള സിനിമയിലെ പ്രമുഖരായ പല സംവിധായകരും മോഹന്‍ലാലുമായി പല പ്രൊജക്ടുകളും ചര്‍ച്ച ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയില്‍ ഒരു പ്രൊജക്ടിനും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഇക്കൂട്ടത്തില്‍ രണം, കുമാരി എന്നീ സിനിമകളുടെ സംവിധായകനായ നിര്‍മല്‍ സഹദേവ് സിനിമയും ഉണ്ടെന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒരു ഹൊറര്‍ സിനിമയുടെ കഥയാണ് നിര്‍മല്‍ മോഹന്‍ലാലുമായി പങ്കുവെച്ചത്. സിനിമയില്‍ മോഹന്‍ലാലും താത്പര്യം കാണിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല
2024ല്‍ മമ്മൂട്ടി ഭ്രമയുഗത്തിലൂടെ ഹൊറര്‍ സിനിമ ചെയ്ത് ഹിറ്റടിച്ചിരുന്നു. അധികം അഭിനേതാക്കളില്ലാതെയാണ് ഭ്രമയുഗം എന്ന സിനിമ ഇറങ്ങിയത്. എന്നാല്‍ മമ്മൂട്ടിയുടെ പ്രകടനം സിനിമയുടെ നിലവാരം ഉയര്‍ത്തി. കുമാരിയിലൂടെ ഹൊറര്‍ വഴങ്ങുമെന്ന് തെളിയിച്ച നിര്‍മല്‍ സഹദേവ് നായകനാകുമ്പോള്‍ ലാലേട്ടന്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.