മലയാള സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് എത്തിക്കാൻ ഞാൻ വളരെ മുൻപേ ശ്രമിച്ചിട്ടുണ്ട്, ആ സിനിമകൾ ഉദാഹരണം: മോഹൻലാൽ

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (12:26 IST)
മലയാള സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണമെന്ന് നടൻ മോഹൻലാൽ. ഇതിനായി താൻ വളരെ മുൻപേ ശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'കാലാപാനി'യും 'വാനപ്രസ്ഥ'വുമൊക്ക എടുക്കാൻ താൻ തയ്യാറായതിന്റെ കാരണം ഇതാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ദേശാഭിമാനി വാരികയിൽ ഭാനുപ്രകാശുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
 
'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' വരുമ്പോൾ അത് 'ലൂസിഫറി'നേക്കാളും വലിയ സിനിമയായിരിക്കണം. അല്ലാതെ, അതിനേക്കാളും ചെറുതായി ചെയ്യേണ്ട കാര്യമില്ലല്ലോ. ചെറിയ സിനിമകൾക്ക് പറ്റിയ  ഇന്ററസ്റ്റിങ്ങായ കഥകളൊന്നും എനിക്കു കിട്ടിയിട്ടില്ല. പിന്നെ, ചെറിയ സിനിമകൾ മാത്രം ചെയ്തുകൊണ്ടിരുന്നാൽ പോരല്ലോ; വലിയ ക്യാൻവാസിലുള്ള സിനിമകളും ചെയ്യേണ്ടേ. അത്തരം സിനിമകൾ ചെയ്യുമ്പോഴാണ് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കയുള്ള മാർക്കറ്റുകളിലേക്ക് നമുക്ക് നമ്മുടെ സിനിമയെ കൊണ്ടുപോകാൻ പറ്റുന്നത്', മോഹൻലാൽ ചൂണ്ടിക്കാട്ടി.
  
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പേരിൽ ഏറെ ഹൈപ്പ് കിട്ടിയ ചിത്രമാണ് ബറോസ്. ബറോസിന്റെ റിലീസ് ഇനിയും നീളുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയാകാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് വീണ്ടും നീട്ടുകയായിരുന്നു. റിലീസ് എന്നാണെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. 
 
ബറോസ് സംവിധാനം ചെയ്യാനുണ്ടായ കാരണവും ബറോസിന്റെ സംവിധാന അനുഭവവും അടുത്തിടെ മോഹൻലാൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ഒരാളല്ല താനെന്നും പലപ്പോഴും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യമാണ് ബറോസിലേക്ക് എത്തിയതെന്നും മോഹലാൽ പറയുന്നു.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article