31 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17 നാണ് റിലീസ് ചെയ്യുന്നത്. ഫോര്‍ കെ ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും മാറ്റിനി നൗവും ചേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്.
മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, കെപിഎസി ലളിത, ഇന്നസെന്റ്, വിനയ പ്രസാദ്, സുധീഷ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മണിച്ചിത്രത്താഴിലെ അഭിനയത്തിനു ശോഭനയ്ക്കു ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണു ആനന്ദക്കുട്ടനും സണ്ണി ജോസഫും ചേര്‍ന്നാണ്. എം.ജി.രാധാകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സണ്‍ മാസ്റ്റര്‍. ആ വര്‍ഷത്തെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മണിച്ചിത്രത്താഴ് കരസ്ഥമാക്കിയിരുന്നു. മലയാളത്തില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ മണിച്ചിത്രത്താഴ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. തമിഴില്‍ ജ്യോതികയാണ് ശോഭനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.