മധു മുതൽ മാത്യു വരെ; വിജയമാവർത്തിക്കാൻ മമ്മൂട്ടി, ദി റിയൽ മെഗാ വൺ!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 2 മാര്‍ച്ച് 2020 (08:59 IST)
സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ ഉടൻ തിയേറ്ററുകളിലേക്കെത്തും. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിക്കൊപ്പം മധു, ബാലചന്ദ്ര മേനോന്‍, സിദ്ധിഖ്, രഞ്ജിത്ത്, സലീംകുമാര്‍, മാത്യൂ തോമസ് തുടങ്ങിയവരാണ് പുതിയ പോസ്റ്ററിലുളളത്. 
 
മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന സിനിമ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. വന്‍ സ്വീകാര്യതയാണ് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.
 
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. കിടിലൻ ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ തിരുവനന്തപുരത്തും എറണാകുളത്തുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article