ഇത് അബ്രാം ഖുറേഷിയുടെ ഭൂതകാലം; ഞെട്ടിച്ച് 'KROKODIL', ബിരുദ വിദ്യാര്‍ഥികളുടെ 'ക്ലാസ്' മേക്കിങ്

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (16:41 IST)
രാഷ്ട്രീയം, അധോലോകം, മയക്കുമരുന്ന് മാഫിയ എന്നിവ പ്രമേയമായി മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ലൂസിഫര്‍. ഇല്ലുമിനാറ്റി സാന്നിധ്യവും റഷ്യന്‍ മാഫിയയും ചിത്രത്തിന്റെ മറ്റൊരു ലെയറായി, സാധാരണ സിനിമാപ്രേമികള്‍ക്ക് ബോറടിക്കാതെ പറയുകയും ചെയ്തിരുന്നു ചിത്രത്തില്‍. മേക്കിംഗും തിരക്കഥയും സംഗീതവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. 'എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കെയാണ് ലൂസിഫറിനോട് വളരെയധികം നീതി പുലര്‍ത്തുകയും അതിലേറെ ലൂസിഫറിലെ സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞ് പോകുന്ന രണ്ട് സംഭവങ്ങളെ കൂട്ടിയിണക്കി 'A Tribute to Lucifer' എന്ന ടാഗ് ലൈനോടെ 'KROKADIL' (ക്രോകഡില്‍) എന്ന ഷോര്‍ട്ട്ഫിലിം പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാറ്റിക് ക്വാളിറ്റിയുള്ള മേക്കിംഗ് തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ പ്രധാന പ്ലസ് പോയിന്റ്. 
 
ലൂസിഫറില്‍ വിവേക് ഒബ്രോയി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ബോബി സൂചിപ്പിക്കുന്ന, ഭൂതകാലത്തിലെ മോഹന്‍ലാലിന്റെ സ്വര്‍ണകടത്ത് ബിസിനസ്സിനെ  ചുറ്റിപ്പറ്റിയാണ് ഷോര്‍ട്ട്ഫിലിമിന്റെ കഥ. 1997 ലെ ദയറ പോര്‍ട്ടിലെ സ്വര്‍ണവ്യാപാരം അതിന്റെ മറവിലൂടെയുള്ള വന്‍ മയക്കുമരുന്ന് കടത്തും പ്രതിപാദിചുകൊണ്ടുള്ള നരേഷനിലൂടെയാണ് 'KROKODIL' ആരംഭിക്കുന്നത്. അതിനുശേഷം മികച്ച വിഷ്വലുകളും പശ്ചാത്തല സംഗീതവും അതോടൊപ്പം കഥാപാത്രങ്ങളുടെ വളരെ മികച്ച പ്രകടനവുമായി ഷോര്‍ട്ട് ഫിലിം ചടുലമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു തലത്തിലേക്ക് മാറുന്നു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉള്ളവര്‍ എല്ലാം തന്നെ ബിരുദ വിദ്യാര്‍ത്ഥികള്‍ ആണെന്ന് ഉള്ളതാണ് മറ്റൊരു പ്രത്യേകത. ഖത്തറില്‍ താമസിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായ മിക്കവരും. പൂര്‍ണമായും ഖത്തറില്‍ ഷൂട്ട് ചെയ്‌തെങ്കിലും മികച്ച വിഎഫ്എക്‌സിലൂടെ ദയറയെ പുനര്‍സൃഷ്ടിച്ചത് റിഫാത് മുഹമ്മദാണ്. 
 
ലൂസിഫറിലേത് പോലെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വളരെയധികം ആഘോഷിക്കാന്‍ ഉള്ള നിമിഷങ്ങള്‍ ഇതിലുണ്ട്. ലാലേട്ടന്‍ മാനറിസങ്ങള്‍ ഒട്ടും മുഷിച്ചില്‍ തോന്നാതെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും കൂടിയായ ഷാക്കിര്‍ അമീറിന് സാധിച്ചു. മുന്‍പ് പ്ലസ് ടൂ പഠനവേളയില്‍ '1989' എന്ന മലയാളം ടൈം ട്രാവല്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു ഷാക്കിര്‍ അമീര്‍. ആറ്റികുറുക്കിയ എന്നവണ്ണമുള്ള തിരക്കഥയൊരുക്കാന്‍ ഒപ്പമുണ്ടായിരുന്നത് നേഹുല്‍ ഗഫൂറാണ്. സംഭാഷണം, നരേഷന്‍: അജയ് എസ് നായര്‍. ക്യാമറയ്ക്ക് മുന്‍പില്‍ വന്നുപോയ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ഞെട്ടിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഒട്ടും ബോറടിപ്പിക്കാതെ ഈ ചിത്രത്തിന് ഒരു സിനിമാറ്റിക് ഫീല്‍ നല്‍കാന്‍ ഏറ്റവും അധികം സഹായിച്ചത് അതിന്റെ പശ്ചാത്തല സംഗീതം ചെയ്ത ജുബൈര്‍ മുഹമ്മദാണ്. പീസ് ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ പണിപ്പുരയില്‍ ആണെങ്കിലും പുതുമുഖങ്ങളുടെ ഒപ്പം വന്നു ഞെട്ടിച്ചിരിക്കുകയാണ് ജുബൈര്‍ മുഹമ്മദ്.


ജോമിന്‍ മാത്യു, സച്ചിന്‍ പ്രസന്ന, നെഹുല്‍ ഗഫൂര്‍, ഇഹാബ് നൗഷാദ്, സച്ചിന്‍ പ്രസന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം, സഹ സംവിധാനം: റാസി മജീദ്, നിര്‍മാണം: അമീര്‍ വി വി, ഫരീദ അമീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: ജോമിന്‍ മാത്യു, സ്റ്റണ്ട്‌സ്: നിഥാല്‍ റാസിഖ്, മേക്കപ്പ്: അഫിദ ഷെറിന്‍, സ്റ്റില്‍സ്: റംഷീദ് ഇക്ബാല്‍, അസിസ്റ്റന്റ് സിനിമാട്ടോഗ്രഫി: നിഹാല്‍ അഷറഫ്, പോസ്റ്റര്‍ ഇല്ലസ്‌ട്രേഷന്‍സ്: അരുണ്‍ കുമാര്‍ ആര്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article