അന്യമത വിദ്വേഷവും തീവ്ര ദേശീയവാദവും ഫോര്‍മുലയാക്കി ഗദര്‍ 2 അഞ്ഞൂറ് കോടിയിലേക്ക്, പഠാന്റെ റെക്കോര്‍ഡും തകര്‍ത്തേക്കും

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2023 (18:20 IST)
ബോക്‌സോഫീസില്‍ ദേശീയത വിറ്റഴിക്കുന്ന സിനിമകള്‍ ഹിറ്റാകുന്നത് പുതിയ പ്രവണതയല്ല. എന്നാല്‍ ദേശീയതയേയും അപരമത വിദ്വേഷത്തെയും തീവ്രദേശീയതെയും എല്ലാം വേര്‍തിരിക്കുന്നത് വളരെ നേര്‍ത്ത ഒരു നൂലാണ്. ഒരു വ്യക്തി തന്റെ രാജ്യത്തിന്റെ നേട്ടങ്ങളുടെ പേരില്‍ സ്വത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നത് ദേശീയതയായി കാണാമെങ്കില്‍ മറ്റ് രാജ്യക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് എതിര്‍ സ്വരങ്ങളെല്ലാം തന്നെ രാജ്യത്തിനെതിരാണ് അന്യമതസ്ഥര്‍ ശത്രുക്കളായി കണക്കാക്കേണ്ടവരാണ് എന്ന് പറയുന്നത് തീവ്രദേശീയബോധത്തെയും അന്യമത വിദ്വേഷത്തെയും വിറ്റ് കാശാക്കലാണ്.
 
2001ല്‍ തീവ്രദേശീയത എന്ന വികാരത്തെ ഊറ്റിയെടുത്തുകൊണ്ട് അന്നത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ബോളിവുഡ് സിനിമയായിരുന്നു ഗദര്‍. 1947ലെ ഇന്ത്യ പാക് വിഭജനത്തിന്റെ സമയത്ത് പാകിസ്ഥാന്‍കാരിയായ ഭാര്യ സക്കീനയെ തേടി പാകിസ്ഥാനിലേക്കെത്തുന്ന താര സിംഗിന്റെ കഥയായിരുന്നു ഗദര്‍ പറഞ്ഞത്. ദേശഭക്തി, മുസ്ലീം വില്ലന്മാരായ പാകിസ്ഥാനികളെ ഒറ്റയ്ക്ക് കൊല്ലുന്ന മാച്ചോ നായകനുമെല്ലാമായി ചിത്രം കഥ പറഞ്ഞപ്പോള്‍ ലഗാന്‍, കഭി ഖുശി കഭി ഖം എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കികൊണ്ട് ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് സിനിമ സ്വന്തമാക്കിയത്.
 
തീവ്ര ദേശീയത കാണിക്കുന്ന സിനിമ, ആന്റി മുസ്ലീം സിനിമ എന്നിങ്ങനെ 2 തരത്തില്‍ അന്ന് ആ സിനിമ വ്യാഖ്യാനിക്കപ്പെട്ടു. ഗദര്‍ 2വിലേക്ക് വരുമ്പോള്‍ 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധവും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിയുമെല്ലാം ബാക്ക്‌ഡ്രോപ്പില്‍ വെച്ചുകൊണ്ടാണ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. ഓവര്‍ ദ ടോപ്പ് ആക്ഷന്‍ രംഗങ്ങളും, മുസ്ലീം വില്ലന്മാരെ കൊന്നൊടുക്കുന്ന നായകനും തീവ്രദേശീയതയും തന്നെയാണ് ഗദര്‍ 2വിലും സംവിധായകന്‍ പരീക്ഷിച്ചിരിക്കുന്നത്. ഏറെക്കാലമായി സിനിമാലോകത്ത് സജീവമല്ലാതിരുന്ന സണ്ണി ഡിയോളിന് സിനിമ ഹിറ്റ് സമ്മാനിക്കുന്നത് പഴയ അതേ ഫോര്‍മുലകളുടെ ആവര്‍ത്തനം കൊണ്ടാണ്. ബോക്‌സോഫീസില്‍ ഇതുവരെ 411 കോടി സ്വന്തമാക്കിയ സിനിമ 500 കോടി ക്ലബിലെത്തുമെന്നാണ് സിനിമ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
 
ഗദര്‍ 2001ല്‍ സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തിലെ നായികയായ അമീഷ പട്ടേല്‍ തന്നെയാണ് സിനിമയിലെ നായിക. 80 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ ഷാറൂഖ് സിനിമയായ പഠാന് ശേഷം ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമാണ്. 540 കോടിയോളം രൂപയാണ് പഠാന്‍ ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയത്. 411 കോടി കടന്ന് കുതിക്കുന്ന ചിത്രം പഠാന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article