ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2024 (14:15 IST)
തമിഴ് സിനിമാ സംഗീതത്തിലെ ഇതിഹാസമായ ഇളയരാജയുടെ ബയോപിക് പ്രഖ്യാപനം ആഘോഷത്തോടെയാണ് തമിഴകം സ്വീകരിച്ചത്. റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ മതീശ്വരന്‍ ഒരുക്കുന്ന സിനിമയില്‍ ധനുഷാണ് ഇളയരാജയായി അഭിനയിക്കേണ്ടിയിരുന്നത്.
 
 ചെന്നൈയില്‍ വെച്ച് നടന്ന ഗംഭീരമായ ചടങ്ങില്‍ കമല്‍ഹാസനും ധനുഷും ഇളയരാജയും ചേര്‍ന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ഇറങ്ങും എന്നായിരുന്നു വിവരം. നേരത്തെ കമല്‍ഹാസനാകും സിനിമയുടെ തിരക്കഥ എഴുതുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും മറ്റ് തിരക്കുകള്‍ കാരണം കമല്‍ ഹാസന്‍ ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
 ഇളയരാജയും സംവിധായകനായ അരുണ്‍ മതീശ്വരനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സിനിമയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ നായകനാകുന്ന ധനുഷ് അടുത്തിടെ തുടര്‍ച്ചയായി പുതിയ സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇളയരാജ സിനിമയെ പറ്റിയുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സിനിമ ഉപേക്ഷിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article