തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. നീണ്ട 20 വര്‍ഷത്തോളം നീണ്ട കരിയറില്‍ ലീഡ് റോളില്‍ നിരവധി സിനിമകളെ വിജയിപ്പിക്കാന്‍ സാധിച്ച താരം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവില്‍ വിവാഹിതയായ ശേഷം ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി. എന്നാല്‍ ഇതിനിടയിലും നയന്‍താര ചെന്ന് ചാടുന്ന വിവാദങ്ങള്‍ക്ക് കുറവില്ല. നിലവില്‍ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷുമായി പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കെ മറ്റൊരു സംഗതിയിലും ചെന്ന് ചാടിയിരിക്കുകയാണ് നയന്‍.
ഫെമി 9 എന്ന നയന്‍താരയുടെ ബിസിനസ് സംരഭവുമായി ബന്ധപ്പെട്ട ചടങ്ങില്‍ താരം വൈകി എത്തിയതാണ് പുതിയ വിവാദം. രാവിലെ 9 മണിക്ക് നയന്‍താര പരിപാടിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും ഭര്‍ത്താവായ വിഘ്‌നേഷ് ശിവനും എത്തിച്ചേര്‍ന്നത് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. ഇതോടെ പരിപാടി അവസാനിച്ചത് 6 മണിക്കും. ധാരാളം ഇന്‍ഫ്‌ളുവന്‍സര്‍മാരെല്ലാം പരിപാടിക്ക് എത്തിയിരുന്നു. ഇത്രയും കാഴ്ചക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിട്ടും വേദിയിലെത്തി ഒരു ക്ഷമാപണം നടത്താന്‍ പോലും നയന്‍താര തയ്യാറായില്ല. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഫെമി 9 ചടങ്ങിന്റെ ചിത്രങ്ങള്‍ നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. രൂക്ഷ വിമര്‍ശനമാണ് ഈ പോസ്റ്റിന് താഴെ ഉയരുന്നത്. ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാവുകയാണ്. ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി എന്നായിരുന്നു ഫോട്ടോകള്‍ക്കൊപ്പം താരം കുറിച്ചത്. അതേസമയം പോസ്റ്റിന് കീഴില്‍ കൃത്യസമയത്ത് ചടങ്ങിനെത്തിയവര്‍ പൊട്ടന്മാരാണോ എന്നും മറ്റുമാണ് കമന്റുകള്‍ വരുന്നത്. ചടങ്ങിനെത്തിയ കൊച്ചുകുട്ടികളെ പോലും താരത്തിനൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്തതിലും വിമര്‍ശനമുണ്ട്. എന്നാല്‍ സംഭവത്തില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താന്‍ നയന്‍താര ഇതുവരെയും തയ്യാറായിട്ടില്ല.