'എന്റെ ആദ്യത്തെ പ്രണയമല്ല നയന്‍താര, ഒരുപാട് പ്രണയം ഉണ്ടായിട്ടുണ്ട്': ചിമ്പു തുറന്നു പറഞ്ഞപ്പോൾ

നിഹാരിക കെ എസ്

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (12:32 IST)
നയൻതാരയുടെ പ്രണയകഥയിലെ നായകന്മാരായിരുന്നു ചിമ്പുവും പ്രഭുദേവയും. ചിമ്പുവുമായുള്ള പ്രണയം പരാജയപ്പെട്ട ശേഷമായിരുന്നു നയൻതാര പ്രഭുദേവയുമായി അടുത്തത്. ഈ ബന്ധവും അവസാനിച്ച് ഒടുവിൽ നയൻതാര തന്റെ സോൾമേറ്റിനെ കണ്ടെത്തിയത് വിഘ്നേഷ് ശിവനിലായിരുന്നു. തന്റെ പുതിയ ഡോക്യൂമെന്ററിയിൽ പരാജയപ്പെട്ട പ്രണയങ്ങളെ കുറിച്ച് നയൻതാര സംസാരിച്ചിരുന്നു. 
 
പ്രഭുദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം താൻ മാനസികമായി തകര്‍ന്നു എന്ന് പറഞ്ഞ നയൻതാര, ചിമ്പുവുമായുള്ള പ്രണയവും പിരിയലും തന്നെ ലൈഫില്‍ ചിലത് പഠിപ്പിച്ചു എന്നാണ് പറഞ്ഞത്. രണ്ട് ബ്രേക്കപ്പിന്റെയും പിന്നിലെ യഥാർത്ഥ കാരണം നയൻതാര വെളിപ്പെടുത്തിയിരുന്നില്ല.  
 
ഇപ്പോഴിതാ, പഴയ ഒരു അഭിമുഖത്തില്‍ ബ്രേക്കപ്പിനെ കുറിച്ച് ചിമ്പു സംസാരിച്ച വീഡിയോ ക്ലിപ് വൈറലാവുന്നു. നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി എവിടെയും ചിമ്പു കുറേക്കാലങ്ങളോളം സംസാരിച്ചില്ല. എന്നാൽ, ഇന്ന് രണ്ട് പേരും സുഹൃത്തുക്കളാണ്. പരസ്പരം കണ്ടാൽ സംസാരിക്കാനുള്ള അടുപ്പം ഇവർ തമ്മിലുണ്ട്. വേര്‍പിരിഞ്ഞതിന് ശേഷം ആരാണ് ആദ്യം സോറി പറഞ്ഞത് എന്ന ചോദ്യത്തിന് ചിമ്പു നൽകിയ മറുപടി അന്ന് വൈറലായി.
 
'സോറി പറയാന്‍ മാത്രം ഞങ്ങള്‍ അടിച്ചു പിരിയുകയോ പരസ്പരം ഉപദ്രവിയ്ക്കുകയോ ചെയ്തില്ലല്ലോ. ബ്രേക്കപ്പിന് ശേഷം, സാധാരണയായി കണ്ടു, സാധാരണ സംസാരിക്കുന്നതുപോലെ സംസാരിച്ചു. അത്രമാത്രം. അത് കഴിഞ്ഞുപോയ കാര്യങ്ങളാണ്. അതിനെ കുറിച്ച് സംസാരിക്കേണ്ടതേയില്ല', എന്നായിരുന്നു ചിമ്പുവിന്റെ ആദ്യത്തെ പ്രതികരണം.
 
'ഞങ്ങള്‍ രണ്ടുപേരും ഒന്നായിരുന്നു, ഒരു പ്രത്യേക വിഷയത്തിന് വേര്‍പിരിഞ്ഞു. അതിന് ശേഷം കണ്ടുമുട്ടിയാല്‍ ഹായ് , ഹലോ പറയുന്ന തരം സുഹൃത്തുക്കളായി മാറി. എന്റെ ആദ്യത്തെ പ്രണയമല്ല നയന്‍താര, എനിക്ക് അതിന് മുന്‍പ് ഒരുപാട് പ്രണയമുണ്ടായിരുന്നു' എന്നും ചിമ്പു പറഞ്ഞിരുന്നു. നയൻതാരയെ കൂടാതെ തനിക്ക് വേറെയും പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിമ്പു വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും, സോഷ്യൽ മീഡിയ ഇക്കാര്യം പറഞ്ഞ് ഒരിക്കൽ പോലും ചിമ്പുവിനെ പരിഹസിക്കുകയോ ട്രോളുകയോ ചെയ്തിട്ടില്ല. 
 
അതേസമയം, വിഘ്നേഷ് ശിവനെ വിവാഹം ചെയ്യുന്നതിന് മുൻപ് രണ്ട് പ്രണയബന്ധങ്ങളാണ് നയൻതാരയ്ക്ക് ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നും സോഷ്യൽ മീഡിയ നയൻതാരയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍