ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല ഒക്ടോബര്‍ 17 നു തിയറ്ററുകളിലെത്തും. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഇതുവരെ പുറത്തുവന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകരെ വലിയ ആവേശത്തിലാക്കുന്നതാണ്.
ലജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ക്യാമറ ആനന്ദ് സി ചന്ദ്രന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
'കര്‍ത്താവിനു സ്തുതി' എന്നു തുടങ്ങുന്ന പ്രൊമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ തരംഗമായ പാട്ടിനെ ഡീ കോഡ് ചെയ്യുന്ന തിരക്കിലാണ് സിനിഫൈല്‍സ്. 'കര്‍ത്താവിനു സ്തുതി പാടുന്ന ചെകുത്താന്‍മാര്‍' എന്നതാണ് ടൈറ്റില്‍ സോങ്ങിന്റെ പ്ലോട്ടില്‍ നിന്ന് മനസിലാകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.