ആഘോഷം അതിരുകടന്നു; ജൂനിയര്‍ എന്‍ടിആറിന്റെ കട്ടൗട്ടിനു തീപിടിച്ചു (വീഡിയോ)

രേണുക വേണു

വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (14:53 IST)
Junior NTR Cutout

'ദേവര' സിനിമയുടെ റിലീസ് ആഘോഷങ്ങള്‍ക്കിടെ സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ കട്ടൗട്ടിനു തീപിടിച്ചു. ഹൈദരബാദിലെ ആര്‍ടിസി എക്‌സ് റോഡിലുള്ള സുദര്‍ശന്‍ തിയറ്ററിലാണ് സംഭവം. ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്റെ ആഘോഷ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് തിയറ്ററിനു സമീപം സ്ഥാപിച്ചിരുന്ന കൂറ്റന്‍ കട്ടൗട്ടിനു തീപിടിച്ചത്. 
 
റിലീസ് ദിനത്തോടു അനുബന്ധിച്ച് തിയറ്ററിനു ചുറ്റും ജൂനിയര്‍ എന്‍ടിആറിന്റെ കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ വലിയ ആഘോഷത്തിലായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചുവീണാണ് കട്ടൗട്ടിനു തീപിടിച്ചതെന്നാണ് വിവരം. ഉടന്‍ ആരാധകരും സമീപത്തുള്ള ആളുകളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തി. കട്ടൗട്ട് പൂര്‍ണമായും കത്തിനശിച്ചു. 

A massive celebration at Hyderabad’s Sudharshan Theatre took an unexpected turn when a huge cutout of Jr NTR caught fire due to firecrackers set off by excited fans#DevaraOnSep27th #DevaraBookings #DevaraReview #JuniorNTR #NTR???? pic.twitter.com/YeDcSP3POb

— Webdunia Malayalam (@wdmalayalamwd) September 27, 2024
ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര' ഇന്നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ രണ്ട് ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പുലര്‍ച്ചെ ഒന്നിനും നാലിനും ആന്ധ്രയില്‍ ഷോകള്‍ ഉണ്ടായിരുന്നു. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും 'ദേവര'യ്ക്കുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍