എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ധരിച്ചത്, അതില്‍ തെറ്റൊന്നും തോന്നുന്നില്ല: അമല പോള്‍

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (20:32 IST)
വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കി നടി അമല പോള്‍. തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിച്ചതെന്നും അതില്‍ മോശമായൊന്നും തോന്നുന്നില്ലെന്നും അമല പറഞ്ഞു. എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സിനിമ പ്രൊമോഷന്‍ പരിപാടിക്കായി എത്തിയപ്പോള്‍ അമല ധരിച്ച വസ്ത്രമാണ് വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും കാരണമായത്. താരത്തിനെതിരെ വിമര്‍ശനവുമായി കാസ അടക്കം രംഗത്തെത്തിയിരുന്നു. ലെവല്‍ ക്രോസ് സിനിമയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രസ് മീറ്റിനിടെയാണ് തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അമല പോള്‍ മറുപടി നല്‍കിയത്. 
 
' ഞാന്‍ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായിരിക്കാം. അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഞാന്‍ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷേ അത് എത്തരത്തിലാണ് പുറത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നുള്ളത് എന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ധരിച്ചുവന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ എന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോള്‍ എടുത്ത രീതിയായിരിക്കും അനുചിതമായത്,' അമല പോള്‍ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lime teamedia (@lime_teamedia)

വി നെക്കിലുള്ള ബ്ലാക്ക് ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് അമല പോള്‍ കോളേജ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്കിടെ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം താരം ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. താരത്തിനെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ പലരും നടത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article