സിനിമയിൽ 'പട്ടേൽ' പാടില്ല, ഗുജറാത്തി ചിത്രത്തിന് 100 'കട്ട്' നൽകി സെൻസർ ബോർഡ്; സംവിധായകൻ നീതി തേടി കോടതിയിലേക്ക്

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (11:38 IST)
അനുരാഗ് കശ്യപിന്റെ 'ഉഡ്താ പഞ്ചാബി'ന് പിന്നാലെ സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽ ഒരു ഗുജറാത്തി ചിത്രവും. സംവരണം പ്രമേയമാക്കിയ സല‌ഗ്തോ സാവൽ അനാമത്തിന് 100 'കട്ട്' ആണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. പ്രധാനമായും പട്ടേൽ എന്ന് പറയാൻ പാടില്ലത്രെ.
 
ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന് ജയിലിൽ കഴിയുന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹർദിക്ക് പട്ടേലുമായി സാമ്യമുണ്ട് എന്നാണ് സെൻസർ‌ ബോർഡ് കണ്ടെത്തിയ ന്യായം. ജയിലിൽ കഴിയുന്ന ഹർദിക്കിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് ചിത്രത്തിൽ ഉള്ളതെന്നും സെൻസർ ബോർഡ് ആരോപിക്കുന്നു.
 
എന്നാൽ, താൻ ഹർദിക്കിനെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചില്ലെന്നും, പട്ടേൽ സമരത്തെപറ്റി പറയുകയാണ് സിനിമയെന്നും സംവിധായകൻ രാജേഷ് ഗോലി പറഞ്ഞു. ഒരു സീൻ പോലും സിനിമയിൽ നിന്നും മുറിച്ച് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും, സെൻസർ ബോർഡിന്റെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗോലി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article