മഞ്ജു വാര്യറും ലെനയും ചെയ്യുന്ന കഥാപാത്രങ്ങള്‍ തനിക്ക് വലിയ പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണെന്ന് നടി അഭിരാമി. വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
'മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) ചെയ്ത ഉദാഹരണം സുജാതയിലെയും റാണിപത്മിനിയിലെയും കഥാപാത്രങ്ങള്‍, ലെനയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രം, ചാര്‍ലിയില്‍ അപര്‍ണയും ബാംഗ്ലൂര്‍ ഡേയ്സില്‍ കല്‍പ്പന ചേച്ചിയും ചെയ്ത കഥാപാത്രങ്ങള്‍..ഇത്തരം കഥാപാത്രങ്ങള്‍ മലയാളത്തില്‍ എഴുതുന്നുണ്ടല്ലോ എന്നത് എനിക്ക് വലിയ സന്തോഷവും പ്രതീക്ഷയും നല്‍കുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ വീണ്ടും ആക്ടീവ് ആകുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ എന്റെ കരിയറിലേക്കും വരാം എന്ന പ്രതീക്ഷയാണ്. ഗ്ലാമര്‍ റോളുകളുടെ കാലം കഴിഞ്ഞാല്‍ പിന്നെ അമ്മ, ചേച്ചി റോളുകളിലേക്ക് ഒതുങ്ങണമെന്ന ട്രെന്‍ഡ് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ചേച്ചി റോള്‍ ആണെങ്കില്‍ പോലും അത് ചുമ്മാ വന്നുപോകുന്ന റോള്‍ ആയിരിക്കില്ല. ആ കഥാപാത്രത്തിനു പോലും സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകും. ഏത് തരം റേഞ്ചിലുമുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഈ മാറ്റം,'
'മഞ്ജു ചേച്ചിയും ലെനയും പ്രായത്തിന്റെ പരിമിതി വിട്ടാണ് കഥാപാത്രങ്ങള്‍ ചെയ്യുന്നത്. പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും അമ്മയൊക്കെയായിട്ട് അഭിനയിക്കുന്നു. ആ നടന്‍മാരുമായി നോക്കിയാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരു അഞ്ചോ ആറോ വയസ് വ്യത്യാസമേ ഇവര്‍ക്ക് കാണൂ. അങ്ങനെ പ്രായമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോലും പ്രേക്ഷകര്‍ ഇവരെ യങ് ലേഡി എന്ന നിലയില്‍ തന്നെയാണ് കാണുന്നത്. സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ടാണിത്,' അഭിരാമി പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക