ഗീതുവിനോട് 'നോ' പറയുമെന്നല്ല, സിനിമയില്‍ ചില പ്രശ്‌നങ്ങളുണ്ട്; മിണ്ടിയും പറഞ്ഞും പ്രിയതാരം അഭിരാമി

വ്യാഴം, 27 മെയ് 2021 (15:11 IST)
രാജസേനന്‍ സംവിധാനം ചെയ്ത് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് 'ഞങ്ങള്‍ സന്തുഷ്ടരാണ്'. ജയറാമും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നും വലിയ ചര്‍ച്ചാവിഷയമാണ്. സ്ത്രീവിരുദ്ധ ആശയങ്ങളാണ് സിനിമ പങ്കുവയ്ക്കുന്നതെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ആ സിനിമയിലെ പല കാര്യങ്ങളോടും തനിക്ക് വിയോജിപ്പുണ്ടെന്ന് നടി അഭിരാമി ഈയിടെയാണ് തുറന്നുപറഞ്ഞത്. മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും തന്റെ സിനിമാജീവിതത്തെ കുറിച്ചും വെബ് ദുനിയ മലയാളത്തോട് മനസ് തുറക്കുകയാണ് താരം 
 
1. 'ഞങ്ങള്‍ സന്തുഷ്ടരാണ്' രണ്ടായിരത്തില്‍ ഇറങ്ങിയ സിനിമയാണെങ്കിലും ഇപ്പോഴും വലിയ വാദപ്രതിവാദങ്ങള്‍ നടക്കുന്ന പല സീനുകളും ആ ചിത്രത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമയോടുള്ള എതിരഭിപ്രായം അഭിരാമി പരസ്യമാക്കുകയും ചെയ്തു. ഗീതു എന്ന കഥാപാത്രത്തെ സ്ത്രീവിരുദ്ധമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണോ അഭിപ്രായം?
 
ഗീതു പെര്‍ഫക്ട് ആണെന്ന് ഞാന്‍ പറയില്ല. ഗീതുവിന്റെ ക്യാരക്ടറിലും പ്രശ്നങ്ങള്‍ ഉണ്ട്. സ്ത്രീയെ നന്നാക്കുക എന്ന പേരില്‍ ഗീതുവിനോട് ചെയ്യുന്ന ശാരീരികവും മാനസികവുമായ പീഡനമുണ്ട്. അതാണ് സിനിമയിലെ പ്രശ്നം. അതിനെ തമാശ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് തെറ്റാണെന്നാണ് ഞാന്‍ പറയുന്നത്. സിനിമയിലെ നായകന്‍ പൂര്‍ണമായും തെറ്റ്, നായിക മാത്രം ശരി എന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന കാര്യം തെറ്റാണ്. നായകനും നായികയും തമ്മിലുള്ള പ്രശ്നങ്ങള്‍ വേറെ രീതിയില്‍ പരിഹരിക്കാമല്ലോ?  
 
2. ഗീതു എന്ന കഥാപാത്രം ഇനി ലഭിച്ചാല്‍ 'നോ' പറയും എന്നാണോ?
 
ഗീതു എന്ന കഥാപാത്രത്തിനു നോ പറയുമെന്നല്ല. ആ കഥാപാത്രം ചെയ്യാന്‍ എനിക്ക് പ്രശ്നം ഒന്നുമില്ല. ഗീതുവിനെ തിരുത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളോടാണ് എതിര്‍പ്പ്. ഗീതുവിനെ വീണ്ടും അവതരിപ്പിച്ചു എന്നുതന്നെ വിചാരിക്കുക, അവളെ കാര്യങ്ങള്‍ ഇരുത്തി മനസിലാക്കി നോക്കൂ. ഇത് ഇങ്ങനെയല്ല, അങ്ങനെയാണ് വേണ്ടത് എന്നൊക്കെ പറഞ്ഞുമനസിലാക്കി കൊടുക്കുക. അവളുടെ ഭാഗം കേള്‍ക്കാന്‍ ഭര്‍ത്താവിന് സമയമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. ഗീതുവിന് ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ പ്രശ്നമുണ്ട്. ഗീതുവിന്റെ മാതാപിതാക്കളില്‍ വരെ. ഗീതു തെറ്റുകാരിയല്ല എന്നും പറയുന്നില്ല. 
 
3. ഇനി കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് ശ്രദ്ധിക്കുക? 
 
പിന്നിലേക്ക് നോക്കുന്നതിനേക്കാള്‍ മുന്നിലേക്ക് നോക്കാനാണ് എനിക്കിഷ്ടം. പണ്ട് കുറേ തെറ്റുകള്‍ അറിവില്ലായ്മ കൊണ്ട് ചെയ്തിട്ടുണ്ടാകും. അത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുകയാണ് കാര്യം. ചിലപ്പോള്‍ സിനിമയില്‍ മൊത്തമായിരിക്കില്ല പ്രശ്നം, ഒരു ഡയലോഗില്‍ മറ്റും ആയിരിക്കും. ഒരു തിരക്കഥ തിരഞ്ഞെടുക്കുകയാണെങ്കില്‍ നമ്മുടെ കഥാപാത്രത്തിന്റെ ഭാഗമല്ലേ കേള്‍ക്കുന്നത്. ബാക്കി കഥാപാത്രങ്ങളെ കുറിച്ച് അറിവുണ്ടാകില്ല. എന്റെ കഥാപാത്രം കേട്ടായിരിക്കും യെസ് ഓര്‍ നോ പറയുക. ആ പരിമിതിയില്‍ നിന്ന് എനിക്ക് പൂര്‍ണബോധ്യം തോന്നാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യില്ല. അത് എനിക്ക് ഉറപ്പിച്ച് പറയാം. 
 
4. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയില്‍ എത്തിയ ആളാണ് അഭിരാമി. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. സിനിമയില്‍ വന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു? സിനിമ കൂടുതല്‍ സ്ത്രീപക്ഷം കൂടിയായിട്ടില്ലേ?
 
സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്, ആ മാറ്റം ശ്രദ്ധിക്കുന്നുണ്ട്. നിമിഷ സജയനും പാര്‍വതിയുമൊക്കെ ചെയ്യുന്ന സിനിമകളില്‍ ആ മാറ്റം പ്രകടമാണ്. വേറെയും സിനിമകളുണ്ട്. ജെന്‍ഡര്‍ ഈക്വാലിറ്റിയുള്ള സിനിമകള്‍ വരുന്നുണ്ട്. പുരുഷനും സ്ത്രീക്കും ഒരുപോലെ അവസരങ്ങള്‍ കിട്ടുന്നുണ്ട്. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരുള്ളതും നല്ല കാര്യമാണ്. തിയറ്ററിലാണെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ആണെങ്കിലും ജെന്‍ഡര്‍ ഇക്വാലിറ്റിയൊക്കെ ചര്‍ച്ചയാകുന്ന സിനിമ കാണാന്‍ ആളുണ്ട്. അതൊരു നല്ല കാര്യമാണ്. സമൂഹം മുഴുവനായി മാറിയെന്നൊന്നും അര്‍ഥമില്ല. അതിനു സമയമെടുക്കും. മാറണമെന്ന് ആഗ്രഹമുള്ളവര്‍ മാറും, അല്ലാത്തവര്‍ അങ്ങനെ തുടരും. 
 
5. സിനിമകളില്‍ വന്ന ഈ മാറ്റം മലയാളം ഇന്‍ഡസ്ട്രിയിലും വന്നിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ? 
 
ഇന്‍ഡസ്ട്രിയിലുള്ളവരുമായി അധികം സോഷ്യലൈസ് ചെയ്യുന്ന ആളല്ല ഞാന്‍. അതുകൊണ്ട് അവരുടെ പേഴ്സണാലിറ്റിയില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല. സിനിമകളില്‍ മാറ്റമുണ്ടാകുന്നു എന്നതുകൊണ്ട് അവരിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാതെ ഇത്തരം സിനിമ ചെയ്യില്ലല്ലോ ! 
 
6. ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ അഭിരാമിയുടെ ഒരു വീഡിയോ കണ്ടു. ബാഹ്യസൗന്ദര്യം നോക്കി ഒരു വ്യക്തിയെ വിലയിരുത്തുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു അത്, അതേകുറിച്ച്? 
 
ബാഹ്യസൗന്ദര്യം നോക്കി ആരെ വിലയിരുത്തുന്നതും ശരിയല്ല. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരെ ആണെങ്കിലും അത് തെറ്റാണ്. ഒരാളുടെ പുറമേയുള്ള സൗന്ദര്യമോ ബാഹ്യമായ എന്തെങ്കിലും കാര്യമോ നോക്കി അവരെ വിലയിരുത്തുന്നതും കളിയാക്കുന്നതോ വേദനിപ്പിക്കുന്നതോ പോലെ പറയുന്നതും ശരിയല്ലെന്നാണ് അഭിപ്രായം. ചിലര്‍ ചൊറിയാനായി പറയുന്നവരുണ്ട്. അത്തരക്കാരെ അധികം പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലത്. നമ്മുടെ മുന്നില്‍വച്ച് ഒരാളെ ബാഹ്യമായ കാര്യത്തെ കുറിച്ച് അപമാനിക്കുകയോ ജോക്കായി പറയുകയോ ചെയ്താല്‍ അവരെ പറഞ്ഞ് മനസിലാക്കിപ്പിക്കുക, തിരുത്തിക്കാന്‍ ശ്രമിക്കുക, ആ തമാശ കേട്ട് ചിരിക്കാതിരിക്കുക. അത് നമ്മുടെ ഉത്തരവാദിത്തമാണ്. 
 
7. ഈയടുത്ത് ഒരു നടിയുമായി സംസാരിക്കുമ്പോള്‍ അവര്‍ക്ക് രാത്രിയില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒട്ടും പരിചയമില്ലാത്തവരില്‍ നിന്ന് കോളുകള്‍ വരുന്നതായി പറഞ്ഞു. ആരാധകനാണ്, സംസാരിക്കണം എന്നൊക്കെ പറഞ്ഞാണ് വിളിക്കുന്നത്. പല നടിമാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ട്. സിനിമ കരിയറില്‍ എപ്പോഴെങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ അഭിരാമിക്ക് നേരിട്ടിട്ടുണ്ടോ? 
 
അങ്ങനെ ഉണ്ടായിട്ടില്ല. പത്ത് മണി കഴിഞ്ഞാല്‍ ഞാന്‍ ഫോണ്‍ എടുക്കാറില്ല. വളരെ അടുത്ത സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ കോള്‍ മാത്രമാണ് എടുക്കുക. സോഷ്യല്‍ മീഡിയയിലൊക്കെ പ്രശ്നക്കാരെ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും. ഇച്ചിരി കൃമികടി കൂടുതലുള്ള ആളുകളുണ്ട്. പിന്നെ, സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണെങ്കിലും എല്ലാ കമന്റും ഞാന്‍ വായിക്കാറില്ല. അതിനു സമയമില്ല, താല്‍പര്യവുമില്ല. നല്ല കമന്റിനെ ഹൈലൈറ്റ് ചെയ്യും. മോശം കമന്റിനെ ഒഴിവാക്കും. എല്ലാവരും എന്താ പറയുന്നത് എന്ന് നോക്കിയാല്‍ നമുക്ക് നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ.. 
 
രാത്രിയൊക്കെ ഇങ്ങനെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത്തരക്കാരെ ഒറ്റപ്പെടുത്തണം. അങ്ങനെ വിളിക്കുന്നവരുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുക. എന്നിട്ട് പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യുക. ഇവര്‍ ആരാണെന്ന് സമൂഹം അറിയുമല്ലോ. ഇത്തരക്കാരെ പൊതുമധ്യത്തില്‍ തുറന്നുകാണിക്കുകയെന്നത് നമുക്ക് ചെയ്യാവുന്ന കാര്യമാണ്. 
 
8. സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ച് നേരത്തെ പറഞ്ഞു. ഇപ്പോള്‍ വരുന്ന സിനിമകളില്‍ ഏതെങ്കിലും കഥാപാത്രം കിട്ടിയാല്‍ കൊള്ളാം, അത് ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിയവ ഉണ്ടോ? അങ്ങനെ താല്‍പര്യം തോന്നിയ ഏതെങ്കിലും രണ്ടോ മൂന്നോ കഥാപാത്രങ്ങള്‍ ചോദിച്ചാല്‍ ഏതൊക്കെ പറയും? 
 
മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) ചെയ്ത ഉദാഹരണം സുജാതയിലെയും റാണിപത്മിനിയിലെയും കഥാപാത്രങ്ങള്‍, ലെനയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രം, ചാര്‍ലിയില്‍ അപര്‍ണയും ബാംഗ്ലൂര്‍ ഡേയ്‌സില്‍ കല്‍പ്പന ചേച്ചിയും ചെയ്ത കഥാപാത്രങ്ങള്‍..ഇത്തരം കഥാപാത്രങ്ങള്‍ മലയാളത്തില്‍ എഴുതുന്നുണ്ടല്ലോ എന്നത് എനിക്ക് വലിയ സന്തോഷവും പ്രതീക്ഷയും നല്‍കുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ വീണ്ടും ആക്ടീവ് ആകുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ എന്റെ കരിയറിലേക്കും വരാം എന്ന പ്രതീക്ഷയാണ്. ഗ്ലാമര്‍ റോളുകളുടെ കാലം കഴിഞ്ഞാല്‍ പിന്നെ അമ്മ, ചേച്ചി റോളുകളിലേക്ക് ഒതുങ്ങണമെന്ന ട്രെന്‍ഡ് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ചേച്ചി റോള്‍ ആണെങ്കില്‍ പോലും അത് ചുമ്മാ വന്നുപോകുന്ന റോള്‍ ആയിരിക്കില്ല. ആ കഥാപാത്രത്തിനു പോലും സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകും. ഏത് തരം റേഞ്ചിലുമുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഈ മാറ്റം.  
 
മഞ്ജു ചേച്ചിയും ലെനയും പ്രായത്തിന്റെ പരിമിതി വിട്ടാണ് കഥാപാത്രങ്ങള്‍ ചെയ്യുന്നത്. പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും അമ്മയൊക്കെയായിട്ട് അഭിനയിക്കുന്നു. ആ നടന്‍മാരുമായി നോക്കിയാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരു അഞ്ചോ ആറോ വയസ് വ്യത്യാസമേ ഇവര്‍ക്ക് കാണൂ. അങ്ങനെ പ്രായമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോലും പ്രേക്ഷകര്‍ ഇവരെ യങ് ലേഡി എന്ന നിലയില്‍ തന്നെയാണ് കാണുന്നത്. സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ടാണിത്. 
 
9. മലയാളത്തില്‍ വലിയൊരു ഗ്യാപ്പ് വന്നോ? 
 
കഴിഞ്ഞ രണ്ട് വര്‍ഷം ലോക്ക്ഡൗണ്‍ ആയതുകൊണ്ട് സിനിമയിലൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഞാന്‍ അമേരിക്കയിലായിരുന്നു. കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷമായി മലയാളത്തില്‍ കിട്ടിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കിട്ടുന്ന കഥാപാത്രം നല്ലതാണെങ്കില്‍ ആ സിനിമ ചെയ്യും. കഥാപാത്രം നോക്കിയാണ് സെലക്ട് ചെയ്യുന്നത്. അതുകൊണ്ടായിരിക്കും ചെറിയൊരു ഗ്യാപ്പ് ഫീല്‍ ചെയ്യുന്നത്. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ പുതിയ പ്രൊജക്ടിനെ കുറിച്ചെല്ലാം വ്യക്തമാക്കാന്‍ സാധിക്കും. തമിഴില്‍ ഒരു സിനിമ ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍