റീ റിലീസ് ചിത്രങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യത അവിശ്വസനീയമാണ്. ഇതോടെ, താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു. ഇനി റിലീസ് ചെയ്യാൻ പോകുന്ന സിനിമകളുടെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
നേരത്തെ പ്രഖ്യാപിച്ച പോലെ തന്നെ ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ ഉടൻ റിലീസ് ഉണ്ടാകും. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
മോഹൻലാലിന്റേതായി മുൻപ് പുറത്തിറങ്ങിയ നാല് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ.
ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. രണ്ടാം വരവിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രമാണ് ദേവദൂതൻ. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ.
ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. അതേസമയം, ഛോട്ടാ മുംബൈയാകട്ടെ ആദ്യ ദിനം മുതൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. ആദ്യ ദിവസം 40 ലക്ഷത്തോളമാണ് ഛോട്ടാ മുംബൈ നേടിയത്. 3.78 കോടിയാണ് സിനിമയുടെ ഫൈനൽ നേട്ടം.