ഡെന്നിസ് ജോസഫ്: മെഗാഹിറ്റുകളുടെ രസക്കൂട്ടറിഞ്ഞ എഴുത്തുകാരൻ

ജോൺസി ഫെലിക്‌സ്
തിങ്കള്‍, 10 മെയ് 2021 (21:57 IST)
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ പിറവിയെടുത്തത് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരൻറെ തൂലികയിൽ നിന്നായിരുന്നു എന്നത് ആർക്കും നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിക്കുക എന്നത് ശീലമാക്കിയ തിരക്കഥാകൃത്ത്. മമ്മൂട്ടിക്ക് ന്യൂഡൽഹിയും മോഹൻലാലിന് രാജാവിൻറെ മകനും സമ്മാനിച്ചയാൾ.
 
ഒരു സാധാരണ കഥയിൽ നിന്നുപോലും വലിയ വിജയങ്ങൾ സൃഷ്ടിക്കാനുള്ള ഡെന്നിസ് ജോസഫിൻറെ കഴിവാണ് മമ്മൂട്ടിക്കും മോഹൻലാലിനും പല ആഘോഷവിജയങ്ങളും നേടിക്കൊടുത്തത്. മുട്ടത്തുവർക്കിയുടെ വേലി എന്ന അധികം പ്രത്യേകതകളൊന്നുമില്ലാത്ത ഒരു നോവലിൽ നിന്ന് പ്രധാനകഥാപാത്രത്തെ മാത്രമെടുത്ത് 'കോട്ടയം കുഞ്ഞച്ചൻ' എന്ന വമ്പൻ ഹിറ്റ് തീർക്കാൻ ഡെന്നിസ് ജോസഫിനല്ലാതെ മറ്റൊരാൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ആ കഥയിലോ കഥാപാത്രത്തിലോ  ഡെന്നിസിനല്ലാതെ മറ്റൊരാൾക്കും വിശ്വാസവുമുണ്ടായിരുന്നില്ല. നിർമ്മാതാക്കൾക്ക് പോലും. എന്നാൽ കോട്ടയം കുഞ്ഞച്ചൻ മലയാള സിനിമയിലുണ്ടാക്കിയ തരംഗം അവിശ്വസനീയമായിരുന്നു.
 
ഒരു ബിഗ് ബജറ്റ് സൂപ്പർതാരചിത്രത്തിന് തിരക്കഥയെഴുതാൻ വർഷങ്ങളുടെ പേറ്റുനോവോന്നും ആവശ്യമില്ലാത്ത എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. അദ്ദേഹം തന്റെ ആദ്യകാല ഹിറ്റുകളിലൊന്നായ 'ശ്യാമ' എഴുതിയത് വെറും രണ്ടര ദിവസം കൊണ്ടായിരുന്നു. എഴുത്തിന്റെ വൈവിധ്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്‌ത എഴുത്തുകാരൻ കൂടിയായിരുന്നു ഡെന്നിസ് ജോസഫ്. ശ്യാമ എഴുതിയ ഡെന്നിസ് തന്നെയാണ് നമ്പർ 20 മദ്രാസ് മെയിൽ എഴുതിയത്. അദ്ദേഹം തന്നെയാണ് ആകാശദൂത് എഴുതിയത്. അദ്ദേഹം തന്നെയാണ് അഥർവ്വം ഒരുക്കിയത്.
 
തനിക്ക് കിട്ടുന്ന ഒരു പ്ലോട്ടിനെ എത്രമാത്രം കൊമേഴ്സ്യലായി വികസിപ്പിക്കാൻ കഴിയുമെന്നതായിരുന്നു ഡെന്നിസ് ജോസഫ് ആദ്യം ചിന്തിച്ചിരുന്ന ഒരു കാര്യം. ആ ആലോചനകൾക്കൊടുവിലാണ് മലയാളത്തിൽ ഒരു ന്യൂഡൽഹി പിറന്നത്. ആലോചിച്ചുനോക്കൂ, ന്യൂഡൽഹിയോ രാജാവിൻറെ മകനോ മലയാളത്തിൽ ഇക്കാലത്തുപോലും ആലോചിക്കാനുള്ള സാധ്യതയും ധൈര്യവും വിരളം.
 
ആക്ഷൻ സിനിമകൾ എഴുതുമ്പോഴും അവയെല്ലാം മനുഷ്യബന്ധങ്ങളിലെ ഉലച്ചിലുകളും സംഘർഷങ്ങളും വിഷയമാക്കിയ ചിത്രങ്ങൾ കൂടിയായിരുന്നു. വിൻസൻറ് ഗോമസ് ഏറ്റവും ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു. ജി കൃഷ്‌ണമൂർത്തി പ്രതികാരത്തിൻറെ തീച്ചൂടിനിടയിലും സ്നേഹത്തിൻറെ നേർത്ത തൂവലുകൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരാളായിരുന്നു. ഇന്ദ്രജാലത്തിലെ കാർലോസിൻറെ നിസ്സഹായതയിൽ പോലും മലയാളികൾ വേദനിച്ചു. ഒറ്റപ്പെടലിൻറെ ഏറ്റവും വലിയ തുരുത്തിൽ അകപ്പെട്ടുപോയ മനുഷ്യൻറെ കഥ തന്നെയായിരുന്നു അഥർവ്വവും. 
 
സെന്റിമെൻറ്സിന്റെ ഹൈ ഡോസ് ആയിരുന്നു ആകാശദൂത്. ആ ചിത്രത്തിൻറെ ക്ളൈമാക്‌സ് കാണാൻ ധൈര്യമില്ലാത്ത പലരുമുണ്ട് ഇന്നത്തെ തലമുറയിൽ പോലും. തിയേറ്ററുകളെ കണ്ണീർക്കടലാക്കിയ സിനിമ. ആകാശദൂത് കാണാൻ തിയേറ്ററുകളിലെത്തിയവർക്ക് തൂവാല സൗജന്യമായി കൊടുത്തിരുന്നു. ആ സിനിമ മലയാളികളെ ഇപ്പോഴും പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു.
 
ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരൻ അപ്രതീക്ഷിതമായി മറഞ്ഞുപോകുന്നുവെങ്കിലും ജി കൃഷ്ണമൂർത്തിയും വിൻസൻറ് ഗോമസും കോട്ടയം കുഞ്ഞച്ചനും കുട്ടപ്പായിയും കണ്ണൻ നായരുമൊന്നും പ്രേക്ഷകരെ വിട്ടകലുന്നില്ല. അതുതന്നെയാണ് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരൻറെ ഏറ്റവും വലിയ സമ്പാദ്യവും. 

അനുബന്ധ വാര്‍ത്തകള്‍

Next Article