രജനികാന്തിന് പകരക്കാരന്‍ അജിത് തന്നെ!

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (16:33 IST)
PRO
തമിഴ് സിനിമയില്‍ രജനികാന്തിന് പകരക്കാരന്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതാരായിരിക്കും? പല പേരുകള്‍ പറയും പലരും. എന്നാല്‍ കൂടുതല്‍ പേരും അംഗീകരിക്കുന്നത് ഒരു പേരായിരിക്കും - അജിത്!

‘തല’ അജിത് തന്നെയാണ് രജനികാന്തിന് പകരക്കാരന്‍ എന്ന് തെളിയിക്കുന്നത് അജിത് സിനിമകളുടെ ഇനിഷ്യല്‍ കളക്ഷന്‍റെ റിപ്പോര്‍ട്ടുകളാണ്. രജനി സിനിമകള്‍ക്കൊപ്പം ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ കഴിവുള്ള ഒരേയൊരു താരം ഇന്ന് അജിത് ആണ്.

സംവിധായകന്‍ കെ വി ആനന്ദ് ഒരു തിരക്കഥയുമായി കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് രജനികാന്തിനെ കണ്ടു. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും ‘കൊച്ചടിയാന്‍’ പൂര്‍ത്തിയാകാതെ മറ്റൊരു പ്രൊജക്ടിനെക്കുറിച്ചും ആലോചിക്കുന്നില്ലെന്നാണ് രജനി ആനന്ദിനെ അറിയിച്ചത്. പുതിയ വാര്‍ത്ത, ആ തിരക്കഥ അജിത്തിനെ നായകനാക്കി സിനിമയാക്കാനൊരുങ്ങുകയാണ് കെ വി ആനന്ദ് എന്നാണ്. രജനി അല്ലെങ്കില്‍ അജിത്, മറ്റൊരു ഓപ്ഷനില്ലെന്നാണത്രേ ആനന്ദിന്‍റെ നിലപാട്.

വീരം പൂര്‍ത്തിയായതിന് ശേഷം ഗൌതം വാസുദേവ് മേനോന്‍റെ ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്. അതിന് ശേഷം കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകും. ഇപ്പോള്‍ ‘അനേകന്‍’ എന്ന ധനുഷ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് കെ വി ആനന്ദ്.