മലയാളത്തിന്‍റെ മണവാളന്‍

Webdunia
WDWD
നീലക്കുയില്‍, മലയാളസിനിമയെ ആദ്യമായി ദേശീയ തലത്തിലേക്കുയര്‍ത്തിയ ചലച്ചിത്രം. പുതുമകളുടെ അനുഭവക്കൂമ്പാരമാണു നീലക്കുയില്‍ സമ്മാനിച്ചത്.

രാഘവന്‍ മാഷിന്‍റെ നാടന്‍ മണമുള്ള സംഗീതം.മണ്ണിന്‍റെ മണമുള്ള കഥാപാത്രങ്ങള്‍. അവര്‍ക്കിടയില്‍ ചായക്കടക്കാരന്‍ നാണുനായര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു-നാണുനായരായി വന്ന നടനും.

നാടകത്തിന്‍റെ സംഭാവനയായിരുന്നു ആ നടന്‍. മണവാളന്‍ ജോസഫ് എന്ന കൊച്ചീക്കാരന്‍. ഐ.വി ശശിയുടെയും ജേസിയുടെയുമൊക്കെ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ ഹാസ്യ-സ്വഭാവ വേഷങ്ങള്‍ക്ക് പുതിയൊരു ഭാവപ്പകര്‍ച്ച നല്‍കിയ അഭിനേതാവ്.

നാടകം തന്നെയാണ് ജോസഫിന് തന്‍റെ പേരില്‍ മുന്നില്‍ "മണവാളന്‍' എന്നൊരു ചെല്ലപ്പേരു സമ്മാനിച്ചതും. അഭിനയിച്ച നാടകങ്ങളിലൊന്നിലെ സൂപ്പര്‍ ഹിറ്റ് വേഷത്തിന്‍റെ പേരായിരുന്നു അത്. സിനിമയില്‍ മണവാളന്‍റേതായി മുന്നോറോളം കഥാപാത്രങ്ങള്‍. അവയിലേറിയെകൂറും ഹാസ്യകഥാപാത്രങ്ങളും.

ഫോര്‍ട്ട് കൊച്ചിയിലെ പട്ടാനത്തു ജനിച്ച ജോസഫിന്‍റെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ പലതും ഐ.വി. ശശിയുടെ ചിത്രങ്ങളിലേതായിരുന്നു. ഈനാട്, ഉണരൂ, ഇവര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ചില വടക്കന്‍ പാട്ടുചിത്രങ്ങളിലും നാടുവാഴിയുടെ റോളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രകൃതം കൊണ്ട് ക്രിസ്ത്യാനി വേഷങ്ങളായിരുന്നു ജോസഫിനെത്തോടി കൂടുതലുമെത്തിയത്. ഇടറിയ ചിലമ്പിച്ച ശബ്ദവും തനതു ശൈലിയിലെ അഭിനയവും കൊണ്ട് പ്രേഷകഹൃദയത്തില്‍ വേഗം കുടിയേറിയ അദ്ദേഹം 1986 ജനുവരി 23ന് ചെന്നൈയില്‍ രാജ് ഹോട്ടലില്‍ ഹൃദ്രോഗബാധിതനായി മരിക്കുകയായിരുന്നു.