'ചീർത്ത മുഖം, മുടി കൊഴിച്ചിൽ, ഓരോ എട്ട് മണിക്കൂറിലും സ്റ്റിറോയ്ഡ്'; രോഗകാലം ഓർത്ത് സുസ്മിത സെൻ

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (12:24 IST)
സിനിമയില്‍ 'ഗോഡ് ഫാദർ'മാർ ഇല്ലാതെ, തീർത്തും സാധാരണ കുടുംബത്തില്‍ നിന്നും വന്ന് ഇന്ത്യയുടെ അഭിമാനമായി മാറുകയും ബോളിവുഡിലെ താരസുന്ദരിയായി വാഴുകയും ചെയ്ത താരമാണ് സുസ്മിത സെൻ. 1994ല്‍ ഇന്ത്യയിലേക്ക് ആദ്യമായി വിശ്വ സുന്ദരി പട്ടം കൊണ്ട് വരുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു സുസ്മിതക്ക് പ്രായം.
 
എന്നാൽ‍, അധികമാർക്കും അറിയാത്ത ഒരു കണ്ണീർ ഏടുണ്ട് സുസ്മിതയുടെ ജീവിതത്തിൽ. 2014 ലാണ് ബംഗാളി ചിത്രമായ നിര്‍ബാഗിന്‍റെ ചിത്രീകരണത്തിനിടയില്‍ സുസ്മിത രോഗബാധിതയാകുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും. "വൃക്കകൾ കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് അവയവങ്ങള്‍ ഓരോന്നിന്‍റെയും പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. ജീവിക്കണമെങ്കില്‍ ഓരോ എട്ട് മണിക്കൂറിലും സ്റ്റിറോയ്ഡ് എടുക്കേണ്ട അവസ്ഥ.കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നതിന്‍റെ പാർശ്വഫലങ്ങൾ ശരീരത്തില്‍ കാണാൻ തുടങ്ങി. മുടി കൊഴിയുന്നതും ചർമ്മം ചുക്കിച്ചുളിയുന്നതും നിരാശയോടെ കണ്ടുകൊണ്ടിരുന്നു.

എനിക്കെന്‍റെ കണ്ണുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അത് വീര്‍ത്തിരുന്നു. കാഴ്ചശക്തി കുറഞ്ഞ് തുടങ്ങി. ഒരു ദിവസം 60 ഗ്രാം സ്റ്റിറോയിഡുകള്‍ എടുക്കണം. വല്ല കോണ്‍ഫറന്‍സോ ഷോയോ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് 100 ഗ്രാം വരെ ആകും. കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ സിംഗിൾ മദറായ ഞാൻ തന്നെ വേണമായിരുന്നു. എല്ലാം കൊണ്ടും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. പക്ഷേ പിന്നോട്ടു പോകാന്‍ ഞാൻ ഒരുക്കമല്ലായിരുന്നു. പോരാടി. യോഗയും എക്‌സര്‍സൈസുമെല്ലാം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി. അതിലൂടെ എന്‍റെ ജീവിതത്തെകുറിച്ച് മറ്റുള്ളവരോട് പറയാൻ തുടങ്ങി.
 
എന്നാല്‍ 2016 ഒക്‌ടോബർ അവസാനത്തോടെ അബുദാബിയില്‍ വച്ച് തലകറങ്ങി വീണു. അന്നത്തെ ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം എന്നോട് സ്റ്റിറോയിഡുകള്‍ എടുക്കുന്നത് അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. കാരണം എന്‍റെ ശരീരം വീണ്ടും കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ഇത്രയും വര്‍ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു രോഗിക്ക് വീണ്ടും കോര്‍ട്ടിസോള്‍ ഉത്പാദനം ഉണ്ടാകുന്നത് ആദ്യമായാണെന്ന് അവര്‍ ആശ്ചര്യപ്പെട്ടു. സ്റ്റിറോയിഡുകള്‍ നിര്‍ത്തിയാലുണ്ടാകുന്ന വിഡ്രോവൽ സിംപ്റ്റംസ് ഭീകരമാകുമെന്ന് അവര്‍ പറഞ്ഞിരുന്നു.

അന്ന് മുതല്‍ ഓഗസ്‌റ്റ് 2018 വരെ ഏറ്റവും വൃത്തിക്കെട്ട വിഡ്രോവൽ സിംപ്റ്റംസിലൂടെയാണ് ഞാന്‍ കടന്നുപോയത്...എല്ലാ കാര്യങ്ങളെയും അത് വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ ഞാന്‍ പോരാടി...ശക്തയായി തിരിച്ചുവന്നു"-സുസ്മിത പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article