മമ്മൂക്കയെ കാണണം, അപ്പുവിനേയും കൂട്ടി ലാൽ സാർ ഇറങ്ങി, കൂടെ ഞങ്ങളും: ആന്റണി പെരുമ്പാവൂർ

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (12:52 IST)
മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് മഹാനടന്മാരുടെ ചുമലിലാണ്. ഇരുവരും അഭിനയിച്ച് ഫലിപ്പിക്കാത്ത വേഷങ്ങളില്ല, ചെയ്യാത്ത കഥാപാത്രങ്ങളില്ല. രണ്ട് പേർക്കും സിനിമ കരിയറിൽ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അടുപ്പം ഉണ്ടായത് മുതൽ ഇന്നുവരെ മോഹൻലാലിന്റെ ഏത് വിഷമഘട്ടത്തിലും മമ്മൂട്ടി കൂടെ ഉണ്ടായിട്ടുണ്ടെന്ന് നിർമാതാവും മോഹൻലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂർ പറയുന്നു. 
 
‘അപ്പു അഭിനയിച്ച സിനിമ റീലീസ് ചെയ്യുന്നതിനു മുൻപു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു ലാൽ സാറാണ്. അങ്ങനെയാണ് അപ്പുവിനേയും കൂട്ടി കുടുംബസമേതം മമ്മൂക്കയെ കാണാൻ പോയത്.  എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന  ആൾ വേറെയുണ്ടാകില്ല. മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തിയാണ്. ഞങ്ങളുടെ വീട്ടിലെ കാരണവർതന്നെയാണു അദ്ദേഹം. ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. അതൃപ്തി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്നേഹപൂർവം തുറന്നു പറയും.‘- ആന്റണി പറയുന്നു. 
 
മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആന്റണി മോഹൻലാലിനു മമ്മൂട്ടിയുമായുള്ള അടുപ്പം വിശദീകരിച്ചത്. പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ‘ആദി‘യുടെ റിലീസിന് മുന്നോടിയായി മോഹൻലാൽ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഗുരുതുല്യനായ മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിക്കാനായിരുന്നു എന്നായിരുന്നു അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് സത്യമാണെന്നാണ് ആന്റണിയും പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article