‘നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്’ ജോസഫ് അലക്‍സ് അങ്ങനെ ആക്രോശിച്ചതില്‍ ഇന്ന് ഖേദിക്കുന്നു!

Webdunia
വെള്ളി, 6 ജൂലൈ 2018 (14:38 IST)
“മേലിലൊരാണിന്‍റെ നേര്‍ക്കും ഉയരില്ല നിന്‍റെയീ കൈ. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്” - ജൂനിയര്‍ ഐ എ എസ് ഓഫീസറായ പെണ്‍കുട്ടിയുടെ നേരെ ജോസഫ് അലക്സ് ഇങ്ങനെ അലറുമ്പോള്‍ പൊട്ടിത്തരിച്ചിരുന്നു പോയി കേരളത്തിലെ തിയേറ്ററുകള്‍. ഇടിമുഴക്കം പോലെ കൈയടി നേടിയ ഡയലോഗാണ് അവ. ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടി പറഞ്ഞ ആ വാചകങ്ങളില്‍ പക്ഷേ, ആ സിനിമയുടെ തിരക്കഥാകൃത്തായ രണ്‍ജി പണിക്കര്‍ ഇന്ന് ഖേദിക്കുകയാണ്.
 
“അങ്ങനെയൊരു ഡയലോഗ് ഞാന്‍ എഴുതിപ്പോയതില്‍ ഇന്ന് ഖേദിക്കുന്നു. അങ്ങനെയെഴുതാന്‍ പാടില്ലായിരുന്നു. സ്ത്രീകളെ ഇടിച്ചുതാഴ്ത്താനായി മനഃപൂര്‍വം എഴുതിയതല്ല അത്. ആ സിനിമയില്‍ ആ സന്ദര്‍ഭത്തിന് അത് ആവശ്യമായിരുന്നു. അന്ന് അതുകേട്ട് കൈയടിച്ചവര്‍ക്ക് പോലും ഇപ്പോഴത് ഡിസ്റ്റര്‍ബിങ് ആയി തോന്നുന്നുണ്ട്. പില്‍ക്കാലത്ത് ഇത് ഇത്രയധികം വിമര്‍ശിക്കപ്പെടുമെന്നും ചോദ്യം ചെയ്യപ്പെടുമെന്നും അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ആ ഡയലോഗ് അന്ന് എഴുതുമായിരുന്നില്ല. ഒരു ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ഞാനെഴുതിയ ഡയലോഗുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അത് എനിക്ക് പറ്റിയ അബദ്ധമാണ്. ഞാനെഴുതിയ ചിത്രങ്ങള്‍ ഏതെങ്കിലും രീതിയില്‍ ആളുകളെ ഹര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ അത് എഴുതാന്‍ പാടുണ്ടായിരുന്നതല്ല” - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
 
“സിനിമയില്‍ വരുന്നതിന് മുമ്പ്, ഞാന്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പ്, അന്നും എന്‍റെ മനസില്‍... ഞാന്‍ എന്തെഴുതിയാലും മമ്മൂട്ടിയാണ്. എന്‍റെ മനസിലെ നായകന്‍ എന്നുപറയുന്നത് അക്കാലത്തും എക്കാലത്തും മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ ഉണ്ടാക്കിയ സിനിമയാണ് ഏകലവ്യന്‍. അന്ന് അദ്ദേഹം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അത് ചെയ്യാതെ പോയി. മമ്മൂട്ടി എന്ന നടന്‍റെ പൌരുഷം എനിക്ക് പല കഥാപാത്രങ്ങളെയും ഉണ്ടാക്കുമ്പോള്‍ ഒരു ഇന്‍സ്പിരേഷനായി വരാറുണ്ട്. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ മിക്കവാറും എന്‍റെ മനസില്‍ ആദ്യം വരുന്ന രൂപം മമ്മൂട്ടിയുടേതാണ്” - മറ്റൊരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞിട്ടുണ്ട്.
 
രണ്‍ജി പണിക്കര്‍ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഉശിരന്‍ മമ്മൂട്ടിക്കഥാപാത്രം ദി കിംഗിലെ ജോസഫ് അലക്സ് തന്നെയാണ്. ജോസഫ് അലക്സ് മൂന്നാമതൊരിക്കല്‍ കൂടി വരുമോ? കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article