‘തലപ്പാവു’മായ് മധുപാല്‍

Webdunia
PROPRO
സംവിധായകനാകാന്‍ കൊതിച്ച്‌ നടനായിമാറിയ മധുപാല്‍ ഒടുവില്‍ സംവിധായകനായി. കേരളചരിത്രത്തിലെ അവിസ്‌മരണീയമായ ഒരേടിനെ കുറിച്ചുള്ളതാണ്‌‌ ആദ്യ സിനിമ തലപ്പാവ്‌.

പൃഥ്വിരാജ്‌ നായകനായ ചിത്രം എഴുപതുകളില്‍ കേരളത്തില്‍ വേരോടിയ നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള ചിത്രമാണ്‌. രാജീവ്‌ അഞ്ചലിന്‍റെ ‘കാശ്‌മീര’ത്തിലൂടെ അഭിനേതാവായ മധുപാല്‍ സാഹിത്യരംഗത്തും സജീവമാണ്‌. ആദ്യ സിനിമ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ തയ്യാറെടുപ്പ്‌ നടത്തുന്നതിനിടെ മധുപാല്‍ സംസാരിക്കുന്നു.

? എന്താണ്‌ തലപ്പാവ്‌

നിരവധി കാര്യങ്ങള്‍ തലപ്പാവ്‌ പറയുന്നുണ്ട്‌. എന്നാല്‍ അടിസ്ഥാനപരമായി സിനിമ സൗഹൃദത്തെ കുറിച്ചുള്ളതാണ്‌. സൗഹൃദത്തിന്‍റെ വ്യത്യസ്ഥമായ തലങ്ങളെ കുറിച്ച്‌ പറയുന്ന സിനിമ. റിബല്‍ എന്ന്‌ മുദ്രകുത്തപ്പെട്ട ഒരു യുവാവും ഒരു പൊലീസ്‌കാരനും തമ്മിലുള്ള ബന്ധം.

? കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനവും വര്‍ഗ്ഗീസും തമ്മില്‍ സിനിമക്ക്‌ ബന്ധമുണ്ടോ

ഒരു പരിധിവരെ. പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌ നക്‌സല്‍ വര്‍ഗീസുമായി ചില സാദൃശ്യങ്ങള്‍ കണ്ടെത്താനായേക്കും. വ്യവസ്ഥിതിക്ക്‌ എതിരെ പോരടിക്കുന്ന ഏത്‌ യുവാവിനെ കുറിച്ചും ഉള്ള ചിത്രമായും സിനിമയെ കാണാം.

PROPRO
? സൗഹൃദം വിശദീകരിക്കാമോ

രവീന്ദ്രന്‍ പിള്ള എന്ന പൊലീസുകാരനും (ലാല്‍) ജോസഫ്‌ (പൃഥ്വി) എന്ന യുവാവും തമ്മില്‍ ഹൃദ്യമായ ബന്ധമാണുള്ളത്‌. എന്നാല്‍ പിന്നീട്‌ പൊലീസ്‌കാരന്‌ തന്നെ അവനെ കൊല്ലേണ്ടി വരുന്നു.

? പ്രമേയം ഇതായതുകൊണ്ട്‌ ചിത്രം ആര്‍ട്ട്‌ ആണോ കൊമേഴ്‌സ്യല്‍ ആണോ എന്ന ചോദ്യം സ്വാഭാവികമാണ്‌

കലാപരമായ മേന്മയുള്ള സിനിമയാണ്‌ തലപ്പാവ്‌, ആ അര്‍ത്ഥത്തില്‍ ആര്‍ട്ട്‌ സിനിമയാണ്‌. എന്നാല്‍ കൊമേഴ്‌സ്യല്‍ സിനിമക്ക്‌ ഉള്ളത്‌ പോലെ പാട്ടും അടിയും ഉണ്ട്‌. എന്നാല്‍ കച്ചവട താത്‌പര്യത്തിന്‌ വേണ്ടിയുള്ള പാട്ടോ അടിയോ അല്ല അവ. സംഗീതവും സംഘര്‍ഷവും ജീവിതത്തിന്‍റെ ഭാഗമായത്‌ കൊണ്ട്‌ അവ സിനിമയിലും ഉണ്ട്‌ എന്നുമാത്രം

? സിനമയെ കുറിച്ചുള്ള ബോക്‌സ്‌ ഓഫീസ്‌ പ്രതീക്ഷകള്‍

നല്ല പ്രതീക്ഷയാണുള്ളത്‌. കേരളീയരുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന കാര്യങ്ങളാണ്‌ സിനിമ പറയുന്നത്‌. കുടുംബ നാടകീയതക്കും സ്ഥാനമുണ്ട്‌. പോപ്പുലര്‍ സിനിമ പ്രേക്ഷകരേയും സിനിമ നിരാശപ്പെടുത്തില്ല. എനിക്ക്‌ ആത്മവിശ്വാസമുണ്ട്‌