മലയാളിക്ക് ജോലി നേടാന്‍ വേണ്ടത്...

Webdunia
വളരെ പ്രശസ്തനായ ഒരു മനശ്ശാസ്ത്രജ്ഞന്‍ ഈയിടെ പറഞ്ഞ അനുഭവമാണ്. ഗള്‍ഫിലെ വലിയൊരു ആശുപത്രിയിലേക്ക് നേഴ്സിനെ തെരഞ്ഞെടുക്കാന്‍ കൂടിക്കാഴ്ച നടക്കുകയാണ്. സ്ഥലം ഡല്‍ഹി മഹാനഗരം. ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വവും മാനസികവികാസവും പരിശോധിക്കാന്‍ ഇപ്പറഞ്ഞ മനശ്ശാസ്ത്രജ്ഞനും അവിടെയുണ്ട്.

കൂടിക്കാഴ്ചയ്ക്കായി മുറിയിലേക്കു കടന്നു വന്ന മലയാളിപ്പെണ്‍കുട്ടിക്ക് അക്കാഡമിക്കായി ഉയര്‍ന്ന മാര്‍ക്കുകളാണുള്ളത്. കൂടിക്കാഴ്ചയില്‍ പക്ഷേ പെണ്‍കുട്ടി വല്ലാതെ നിശ്ശബ്ദയായി. ചോദ്യങ്ങള്‍ ഏറുംതോറും അവള്‍ വിറയ്ക്കാനും വിയര്‍ക്കാനും തുടങ്ങി.

' ഈശ്വരാ, ഇവള്‍ക്ക് അറിയില്ല എന്നു പറയാനെങ്കിലും വാ തുറന്നുകൂടേ' എന്നായിരുന്നു തന്‍റെ മനസ്സിലെന്നു മനശ്ശാസ്ത്രജ്ഞന്‍. ചോദ്യം ചോദിക്കാനുണ്ടായിരുന്ന ആശുപത്രി മേധാവിയാകട്ടെ 'നിങ്ങളുടെ നാട്ടുകാരിയുടെ ഒരു അവസ്ഥയേ' എന്നു പരിഹാസത്തിലും.

' നിങ്ങള്‍ ഒരു നിമിഷം നില്ക്കൂ, ഞാന്‍ ഒന്നു പരീക്ഷിക്കട്ടെ' എന്നായി മനശ്ശാസ്ത്രജ്ഞന്‍. 'എവിടത്തുകാരിയാ?' എന്ന് മലയാളത്തിലായി ചോദ്യം. 'അയ്യോ! സാറു മലയാളിയാണോ? ഞാന്‍ പേടിച്ചിരിക്കുകയായിരുന്നു' എന്നു തുടങ്ങി തന്‍റെ വിദ്യാഭ്യാസയോഗ്യത മുതല്‍ നാട്ടുകാര്യം വരെ പെണ്‍കുട്ടി നിറുത്താതെ സംസാരിച്ചു. പിന്നീട് കാര്യമായി നടന്ന കൂടിക്കാഴ്ചയില്‍ അവള്‍ നല്ല പ്രകടനം കാഴ്വയ്ക്കുകയും ചെയ്തു; ജോലിയും കിട്ടി!

അറിയാവുന്നതു പോലും പറയാനാവാത്ത മനസ്സാണ് മലയാളി തന്‍റെ പ്രശസ്തമായ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്നതെന്ന് ഈ മനശ്ശാസ്ത്രജ്ഞന്‍ പരിതപിക്കുന്നു. സ്വന്തം ബലം അറിയാത്ത ആനയെപ്പോലെ ആയിട്ടും മലയാളി ലോകത്തിന്‍റെ ഏതറ്റത്തും പോയി പല രംഗങ്ങള്‍ കീഴടക്കുന്നു.

അപ്പോള്‍ ലഭിച്ച അറിവു വേണ്ടതു പോലെ ഉപയോഗിക്കാന്‍ അവന്/അവള്‍ക്ക് അറിയാമെങ്കിലോ? സ്വയം മനസ്സിലാക്കുക, സ്വന്തം കഴിവുകളും കുറവുകളും അറിയുക എന്നതു തന്നെയാണ് അതിന് ഏറ്റവും ആവശ്യം.


" എനിക്കതു ചെയ്യാന്‍ കഴിയും' എന്ന അര്‍പ്പണബോധം വേണമെന്നു മാത്രം. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ അറിയാന്‍ ഈ ചോദ്യങ്ങള്‍ വായിക്കുക. ഇവ നിങ്ങള്‍ മുന്‍പ് സ്വയം ചോദിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഉത്തരം കിട്ടിയോ? ചോദിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ ചോദിച്ചു നോക്കുക. അവയെപ്പറ്റി ചിന്തിച്ചു നോക്കുക.


1. എന്താണ് നിങ്ങളുടെ ലക്ഷ്യം?

2. അതു നേടാന്‍ എന്താണു വേണ്ടത്?

3. ലക്ഷ്യം നേടാന്‍ വേണ്ട കഴിവുകളില്‍ ഏതൊക്കെ നിങ്ങള്‍ക്ക് ഉണ്ട് അഥവാ ഏതൊക്കെ ഇല്ല?

4. ഇല്ലാത്ത കഴിവുകള്‍ സ്വായത്തമാക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?

5. ഉള്ള അറിവു വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ കുറവു പരിഹരിക്കാന്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ?

6. നിങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യം/വസ്തു എന്ത്?

7. എന്തിനോടൊക്കെയാണ് നിങ്ങള്‍ പ്രതികൂലമായി പ്രതികരിക്കുന്നത് ?

8. എന്തിനോടൊക്കെയാണ് നിങ്ങള്‍ അനുകൂലമായി പ്രതികരിക്കുന്നത് ?

9. നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ്?

10. നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും ഒഴിച്ചുനിര്‍ത്താനാവാത്തത് എന്തൊക്കെ?

11. അവ അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്തവയാണോ?

12. നിങ്ങള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള കാര്യം എന്ത്?

13. ഏതു തരം ആളുകളെയാണ് നിങ്ങള്‍ക്ക് ഇഷ്ടം?

14. നിങ്ങളുടെ അറിവ്, വൈകാരികത എന്നിവയെക്കുറിച്ച് ശരിയായ ബോധ്യമുണ്ടോ?

15. നിങ്ങള്‍ എത്രമാത്രം സന്തുഷ്ടന്‍/സന്തുഷ്ട ആണ്?