യേശു ക്രിസ്തു വിവാഹിതനായിരുന്നെ വാദങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. യേശു വിവാഹം കഴിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന പ്രാചീന രേഖകള്‍ ഈയിടെ കണ്ടെടുത്തതോടെയാണിത്. ‘പേപൈറസ്‘ എന്ന ഈ രേഖകള്‍ മാസച്യുസെറ്റ്സിലെ കേംബ്രിഡ്ജ് ഹാര്‍വാര്‍ഡ് ഡിവിനിറ്റി സ്കൂള്‍ പ്രൊഫസര്‍ കിംഗ് റോമില്‍ ആണ് ഇപ്പോള്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.
മഗ്‌ദലന മറിയമായിരുന്നു യേശുവിന്റെ ഭാര്യ എന്നാണ് രേഖകള്‍ പറയുന്നത്. പ്രാചീന ഈജിപ്ഷ്യന്‍ കോപ്റ്റിക് ഭാഷയിലാണ് ഇത്. ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ എവിടെയോ നിന്നാണ് പ്രാചീന രേഖ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
“യേശു അവരോട്(ശിഷ്യരോട്) പറഞ്ഞു, എന്റെ ഭാര്യ...“- അതാണ് രേഖയിലെ ഏറ്റവും പ്രസക്തമായ വരി എന്ന് കിംഗ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. റോമില്‍ നടന്ന പത്താമത് അന്താരാഷ്ട്ര കോപ്റ്റിക് സ്റ്റഡീസ് കോണ്‍ഗ്രസില്‍ കിംഗ് രേഖകള്‍ അടിസ്ഥാനമാക്കിയുള്ള തന്റെ പഠനം അവതരിപ്പിച്ചിരുന്നു.
യേശു അവിവാഹിതനാണെന്ന വിശ്വാസപ്രകാരമാണ് ക്രിസ്ത്യന്‍ പുരോഹിതര്‍ അവിവാഹിതരായി തുടരുന്നത്. എന്നാല്‍ യേശു വിവാഹം കഴിച്ചിട്ടുണ്ട് എന്ന നിരീക്ഷണങ്ങള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു.