ഓരോരുത്തരും അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കട്ടെ, ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ജീവിക്കട്ടെ...! വിധിക്കാന്‍ നിങ്ങള്‍ ആരാണ്?

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (15:34 IST)
കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ അമൃത സുരേഷിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. 'എന്റെ മഴ' എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ ആ ചിത്രം പങ്കുവെച്ചത്. 'ഈ മഴ തോര്‍ന്നാല്‍ അടുത്ത മഴ, അതും തോര്‍ന്നാല്‍ വീണ്ടും അടുത്ത മഴ' എന്നാണ് ഒരാള്‍ ആ വാര്‍ത്തയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. നൂറിലേറെ പേര്‍ ആ കമന്റിന് ലൈക്ക് കൊടുത്ത് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 
 
നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്ത. പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ചിത്രം സജീഷ് പങ്കുവെച്ചിരുന്നു. ഈ വാര്‍ത്തയുടെ താഴെ വന്ന ഒരു കമന്റ് ഏകദേശം ഇങ്ങനെയാണ്, 'നിങ്ങളുടെ സ്ഥാനത്ത് ലിനിയാണെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. നിങ്ങളെ ഓര്‍ത്ത് ഈ മക്കളെയും നോക്കി സന്തോഷമായി ജീവിച്ചേനെ' ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു അഭിഭാഷക കൂടിയാണ്. 
 
വല്ലാത്തൊരു വിഷജന്തുക്കളാണ് മലയാളികളില്‍ വലിയൊരു ശതമാനം ആളുകളും. മറ്റുള്ളവരുടെ പേഴ്സണല്‍ സ്പേസിലേക്ക് ഒരു കാര്യവുമില്ലാതെ എത്തിനോക്കും. വളരെ സന്തോഷത്തോടെ ജീവിച്ചുപോകുന്നവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി ആവശ്യമില്ലാത്ത അഭിപ്രായങ്ങളും കമന്റുകളും പറഞ്ഞ് അവരെ ശാരീരികമായും മാനസികമായും തളര്‍ത്തി കളയും. മുകളില്‍ പറഞ്ഞ ആളുകളെ പോലെ ! 
 
ജീവിതത്തില്‍ ഒരു പങ്കാളി വേണോ, അതോ ഒന്നിലേറെ പങ്കാളികള്‍ വേണോ, പങ്കാളിയില്ലാതെ ജീവിക്കണോ, റിലേഷന്‍ഷിപ്പുകള്‍ ഏതെല്ലാം രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണം...ഇതെല്ലാം പൂര്‍ണമായി ഒരു വ്യക്തിയുടെ മാത്രം ചോയ്സ് ആണ്. അങ്ങനെയൊരു ചോയ്സിലേക്ക് കയറിവന്നാണ് ഈ സദാചാര പാഴുകള്‍ മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യുന്നത്. 
 
ജീവിതത്തില്‍ ഒരു പങ്കാളി മാത്രമേ ഉണ്ടാകാവൂ എന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. നമുക്ക് കംഫര്‍ട്ട് അല്ലാത്ത ഇടങ്ങളില്‍ നിന്ന് ആ ബന്ധം വഷളാകുന്നതിനു മുന്‍പ് ഇറങ്ങി പോരുന്നതും നമുക്ക് കംഫര്‍ട്ട് ആകുന്നവരുമായി സൗഹൃദം കൂടുന്നതും വളരെ സ്വാഭാവികമായ പ്രക്രിയയാണെന്ന് ഈ പാഴുകളെ പറഞ്ഞു മനസ്സിലാക്കിക്കുക വളരെ പ്രയാസമാണ്.
 
മനുഷ്യരാണ്, പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ചില ബന്ധങ്ങള്‍ നമ്മില്‍ വിരക്തിയുണ്ടാക്കും. ആ ബന്ധം തുടര്‍ന്നുകൊണ്ടുപോയി കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ലെന്ന് തോന്നും. അങ്ങനെയൊക്കെ തോന്നിയാല്‍ ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ ആ ബന്ധം അവസാനിപ്പിക്കുന്നതാണോ നല്ലത് അതോ സൊസൈറ്റി എന്ത് കരുതുമെന്ന് വിചാരിച്ച് മാനസികമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലും എന്തിനോ വേണ്ടി ആ ബന്ധം തുടരുന്നതാണോ നല്ലത്? അല്‍പ്പമെങ്കിലും കോമണ്‍സെന്‍സ് ഉള്ളവര്‍ തീര്‍ച്ചയായും ആദ്യത്തെ ഓപ്ഷന്‍ തന്നെയാണ് തിരഞ്ഞെടുക്കുക. അത് തന്നെയാണ് അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു സൊസൈറ്റിയില്‍ വേണ്ടതും. ഇതൊന്നും സ്വയം പുറകോട്ട് സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാകുന്നില്ല. അവരെ ഇതൊക്കെ മനസ്സിലാക്കിക്കുകയെന്നത് വലിയ ടാസ്‌കുമാണ് ! 
 
പക്ഷേ, വേറൊരു ദ്രോഹം ഇവര്‍ ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ പേഴ്സണല്‍ സ്പേസിലേക്ക് കയറി ചെന്ന് വളരെ സന്തോഷത്തോടെ പോകുന്ന അവരുടെ ജീവിതത്തിലെ വെളിച്ചമെല്ലാം കെടുത്തി കളയും. ഈ കമന്റുകള്‍ കൊണ്ടെല്ലാം ഇവര്‍ ചെയ്യുന്നതാണ് അതാണ്. 
 
'ഓരോരുത്തരുടെയും ജീവിതം അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള പോലെ, ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കട്ടെ...!' എന്ന് ചിന്തിക്കാന്‍ സാധിക്കുന്നത് നിങ്ങള്‍ അവരോട് ചെയ്യുന്ന ഔദാര്യമൊന്നും അല്ല. മറിച്ച് നിങ്ങള്‍ സഹജീവികളോട് ചെയ്യേണ്ട മിനിമം മര്യാദയാണ്. അല്ലാത്തപക്ഷം നിങ്ങള്‍ ഈ സൊസൈറ്റിക്ക് ഭാരമാണ് ! 

nelvin.wilson@webdunia.net
 

അനുബന്ധ വാര്‍ത്തകള്‍

Next Article