അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോഴേ ഭാവി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു; അതിനാല്‍ ആ 1000 ദിവസങ്ങള്‍ വിലപ്പെട്ടതാണ്

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (16:05 IST)
ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണായകമായ ദിനങ്ങളാണ് അയാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന കാലം മുതലുള്ള ആദ്യത്തെ 1000 ദിവസങ്ങള്‍. അമ്മയുടെ ഉദരത്തില്‍ കഴിയുന്ന 270 ദിവസങ്ങളും ആദ്യ രണ്ടു വര്‍ഷങ്ങളും ഉള്‍പ്പെട്ടതാണ് ഈ കാലഘട്ടം. ഒരു കുട്ടിയെ മാനസികമായും ശാരീരികമായും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന ഈ ദിവസങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. അവസരങ്ങളുടെ ജാലകമാണ് ഈ ദിവസങ്ങള്‍ ഒരു കുഞ്ഞിനു മുന്നില്‍ തുറന്നിടുക. എന്നാല്‍, 1000 ദിവസം കഴിയുന്നതോടെ ഈ ജനാല അടഞ്ഞുപോകും.
 
ഒരു കുട്ടിയുടെ ആരോഗ്യ - പോഷക നില, ബുദ്ധിശക്തി, ഉയരം, സ്കൂള്‍ വിദ്യാഭ്യാസം, ഒരു വ്യക്തിയുടെ സമ്പാദിക്കാനുള്ള ശേഷി എന്നീ സുപ്രധാന കാര്യങ്ങളെ ഈ 1000 ദിവസങ്ങള്‍ നിര്‍ണയിക്കുന്നു. കുട്ടിയുടെ, വൈകാരിക - സാമൂഹിക വികാസത്തിലും വലുതാകുമ്പോഴുള്ള പെരുമാറ്റം, മനോഭാവം, വിജയം, സന്തോഷം എന്നിവയിലും ആദ്യ 1000 ദിവസങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
 
പോഷകാഹാരക്കുറവു മൂലം കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് ഉണ്ടാകുന്നത് ഈ 1000 ദിവസങ്ങളിലാണ്. ആദ്യ 1000 ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവും വളര്‍ച്ചാമുരടിപ്പും കുട്ടികളുടെ ബുദ്ധി കുറയാനും ഉയരക്കുറവിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം, ആദ്യവര്‍ഷങ്ങളിലെ ഉയരക്കൂടുതല്‍ ബൌദ്ധിക പരീക്ഷകളിലെ മികച്ച പ്രകടനത്തിന് കാരണമാകുന്നു. ഇതുകൂടാതെ, ആദ്യ 1000 ദിവസങ്ങളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ (ജി ഡി പി) ആറു ശതമാനത്തിന്റെ നഷ്‌ടം ഉണ്ടാക്കുന്നതായി 2004ല്‍ തയ്യാറാക്കിയ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ആദ്യത്തെ 1000 ദിവസങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയൊക്കെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുമെന്ന് നോക്കാം. 
 
1. നവജാതശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക്.
2. കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പുമ്
3. ബാല്യത്തിലും വളരുമ്പോഴും ഉണ്ടാകുന്ന രോഗങ്ങള്‍
4. വലുതാകുമ്പോള്‍ ഉണ്ടാകുന്ന ഉയരക്കുറവ്
5. ബുദ്ധിയുടെ അളവും (ഐ ക്യു) വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള കഴിവും
6. കുട്ടിയുടെ സാമൂഹിക, വൈകാരിക, ധാരണാ വികാസം
7. വലുതാകുമ്പോള്‍ ഉള്ള പെരുമാറ്റ രീതികളും മനോഭാവവും
8. സന്തോഷവും ജീവിതവിജയവും
9. വലുതകുമ്പോള്‍ വരുമാനം നേടാനുള്ള കഴിവ്
10. രാജ്യത്തിന്റെ ഉല്പാദനം, ഉല്പാദന ക്ഷമത, മൊത്ത ആഭ്യന്തര ഉല്പാദനം
11. രോഗം കാരണം നഷ്‌ടമാകുന്ന ദിവസങ്ങള്‍.
 
അപ്പോള്‍, ഈ 1000 ദിവസങ്ങളില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായകമാകുന്നത് 21 കാര്യങ്ങളാണ്. ആ 21 കാര്യങ്ങളും അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും വരും ദിവസങ്ങളില്‍ ‘വെബ്‌ദുനിയ മലയാളം’ ത്തില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.
 
(തുടരും)
Next Article