താരസംഘടനയായ 'അമ്മ'യിൽ നിന്ന് നടിമാർ രാജിവെച്ചതിനെത്തുടർന്ന് മലയാള സിനിമാ സംഘടനയിൽ വലിയൊരു വിള്ളൽ വീണിരിക്കുകയാണ്. രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ആക്രമത്തിനിരയായ നടി എന്നിവരാണ് ഫേസ്‌ബുക്കിലൂടെ തങ്ങളുടെ കൂട്ടരാജി അറിയിച്ചത്. എന്നാൽ ഇതിന് പുറമേ കൂടുതൽ പേർ 'അമ്മ'യിൽ നിന്ന് രാജിവെക്കുമെന്ന പ്രസ്‌ഥാവനയുമായി രമ്യ നമ്പീശൻ രംഗത്തെത്തിയിരിക്കുകയാണ്.
"നിരുത്തരവാദപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് രാജിവെച്ചത്. ഇപ്പോള്‍ വ്യക്തിപരമായാണ് നാലുപേര്‍ രാജിവെച്ചത്. വഴിയേ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്ന് തന്നെയാണ് ഇപ്പോള്‍ പറയാനുളളത്:- രമ്യാ നമ്പീശന്‍ പറഞ്ഞു.
ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ഡബ്യൂസിസിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ രമ്യാ നമ്പീശൻ പ്രതീകരിച്ചു.