കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലയിൽ നിന്നും നീനുവും കെവിന്റെ കുടുംബവും ഇപ്പോഴും മുക്തമായിട്ടില്ല. തന്റെ കുടുംബത്തിൽ നിന്നും നീനുവിന് ഒരിക്കലും സമാധാനം ലഭിച്ചിരുന്നില്ല. രണ്ട് വട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് നീനു പറയുന്നു.
‘വീട്ടിലെ അവസ്ഥ അത്ര മോശമായിരുന്നു. എല്ലാത്തിനും വഴക്കായിരുന്നു. സഹികെട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പക്ഷേ അപ്പോഴൊക്കെ അത് പരാജയപ്പെട്ടു. കൈ ഞരമ്പ് മുറിച്ചെങ്കിലും ബോധം കെട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. കൂട്ടുകാരും നാട്ടുകാരും ഒക്കെ മുറിവ് കണ്ട് ചോദിച്ചെങ്കിലും മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു’
‘അഞ്ച് മുതൽ പത്ത് വരെ വീട്ടിൽ നിന്നാണ് പഠിച്ചത്. അതുകഴിഞ്ഞ് ഹോസ്റ്റലിൽ ആയിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ തല്ലുമായിരുന്നു. കൈകൊണ്ടായിരുന്നു തല്ലിയിരുന്നത്. തല ഭിത്തിക്കിട്ടിടിക്കും, അടിവയറ്റിന് ചവിട്ടും, പപ്പയാണ് കൂടുതലും ഉപദ്രവിക്കുക. വീട്ടിൽ മാനസികമായും ശാരീരികമായും പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
‘എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പറഞ്ഞിരുന്നത് കെവിൻ ചേട്ടനോടായിരുന്നു. A ടു Z വരെയുള്ള കാര്യങ്ങൾ കെവിൻ ചേട്ടന് അറിയാമായിരുന്നു. എത്ര പ്രശ്നമുണ്ടെങ്കിലും എന്നേയും കെവിൻ ചേട്ടനേയും വിളിച്ച് ഉപദേശിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാമായിരുന്നു, പക്ഷേ ഒരു ജീവനെടുക്കാനുള്ള അവകാശമൊന്നും വീട്ടുകാർക്കില്ല.‘- വേദനയോടെ നീനു പറയുന്നു.