'നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ !! ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി... അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി... വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു... പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല' -തിരുവനന്തപുരം സ്വദേശിയായ നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മുമ്പും ക്യാൻസറിന്റെ ഓരോ ഘട്ടത്തിലും തളരാതെ ക്യാൻസറിനെ ചെറുത്ത് തോൽപ്പിച്ച അനുഭവ കഥകൾ നന്ദു ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ !!
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി...
അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി...
വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല...
ഇപ്പൊ ദേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലിൽ നിന്ന് ശ്വാസകോശത്തിലേക്ക് അവൾ താമസം മാറാൻ തീരുമാനിച്ചത്...എന്ത് തന്നെയായാലും ഞാൻ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും...ഞാൻ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ വ്യാപൃതനാണ്..
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയം...അങ്ങനെ നോക്കുമ്പോൾ എന്നെപ്പോലെ വിജയിച്ചവർ വളരെ വളരെ കുറവാണ്...ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്...
ഇനി മരണം മുന്നിൽ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല...
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തിൽ അകപ്പെട്ടത് എന്നാൽ ഞാൻ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോൾ പദ്മവ്യൂഹത്തിൽ അകപ്പെട്ട ആളാണ്..
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം !!
ജീവിതത്തിൽ കുഞ്ഞു കാര്യങ്ങൾക്ക് മനം മടുത്ത് പോകുന്നവർക്ക് ഒരു വെളിച്ചമാകാൻ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമർപ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം...