'കൈ എന്റെ തുടകൾക്കിടയിലാണ്, വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട്': കവി അയ്യപ്പനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (17:02 IST)
മീടൂ ആരോപണങ്ങൾ കൂടിവരുമ്പോൾ കവി അയ്യപ്പനെതിരെയും യുവതി രംഗത്ത്. നിംനഗ കൂടു എന്ന യുവതിയാണ് കവി അയ്യപ്പനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ സുഹൃത്തായ കവി അയ്യപ്പൻ വീട്ടിൽ വന്നപ്പോഴായിരുന്നു സംഭവമെന്ന് യുവതി ഫേസ്‌ബുക്ക് പോസ്‌റ്റിൽ വ്യക്തമാക്കുന്നു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
കവി എ അയ്യപ്പൻ #metoo
 
*Child Sexual Abuse
 
ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പൻ മാമൻ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകൾ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാർ കുറേയുണ്ട്.
 
അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തിൽ നിന്ന് പിടി കിട്ടി. ഞങ്ങൾ അയ്യപ്പൻ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോൾ അച്ഛന്റെ കൂടെ വീട്ടിൽ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോൾ കണ്ണ് വരപോലെ കാണുന്ന അയ്യപ്പൻ മാമൻ.
 
ഞങ്ങൾക്ക് കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്നു മാമൻ. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്.
 
മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ "ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ " എന്ന് വാത്സല്യത്തോടെ പറഞ്ഞു.
 
എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍