സ്ത്രീപീഡകർക്ക് സിപിഐഎമ്മിൽ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. പി കെ ശശിക്കെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച്, ആവശ്യമെങ്കില്‍ യുവതിയുടെ സമ്മതത്തോടെ പോലീസിന് പരാതി കൈമാറുമെന്നും എംഎ ബേബി പറഞ്ഞു. ഒപ്പം, കന്യാസ്‌ത്രീകൾക്കെതിരായി നടക്കുന്ന ലൈംഗിക ആക്രമങ്ങളെക്കുറിച്ചും എം എ ബേബി പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് എം എ ബേബി ഇക്കാര്യം വെളിപ്പെടുത്തിയത്.
എം എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട രണ്ടു പ്രശ്നങ്ങൾ ഉയർന്നു വന്നിരിക്കുന്നു. നമ്മുടെ സമൂഹം ഈ പ്രശ്നങ്ങളുന്നയിച്ച സ്ത്രീകളെ പിന്തുണയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഒരു പരാതി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി എംഎൽഎയെക്കുറിച്ച് ഒരു സഖാവ് ആണ് നല്കിയിരിക്കുന്നത്. ആ യുവതി പാർടിക്കാണ് പരാതി നല്കാൻ തീരുമാനിച്ചത്. പാർടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു. വെള്ളപ്പൊക്കക്കെടുതിക്കിടയിലും രണ്ടു പേരോടും പാർടി സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എ കെ ബാലനെയും പി കെ ശ്രീമതിയെയും ഇക്കാര്യം അന്വേഷിക്കാൻ പാർടി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് വേഗം സമർപ്പിക്കുമെന്ന് സഖാവ് ബാലൻ പറഞ്ഞിട്ടുമുണ്ട്. സ്ത്രീകൾ നല്കുന്ന പരാതികളെ എത്രയും ഗൌരവമായി കാണുമെന്ന പാർടിയുടെ എന്നത്തെയും നിലപാടിനനുസൃതമായി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. പരാതി നല്കിയ സഖാവിൻറെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാർടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലീസിന് പരാതി നല്കാൻ സഖാവ് തീരുമാനിച്ചാൽ സഖാവ് ബാലൻ പറഞ്ഞ പോലെ പാർടിയും സർക്കാരും എല്ലാ പിന്തുണയും ആ സഖാവിന് നല്കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണെന്ന് പാർടിക്ക് ബോധ്യമായാൽ, യുവസഖാവ് സമ്മതിച്ചാൽ, പരാതി പൊലീസിന് കൈമാറുകയും ചെയ്യും. സ്ത്രീപീഡകർക്ക് സിപിഐഎമ്മിൽ സ്ഥാനമുണ്ടാകില്ല എന്നത് ഉറപ്പ്.
രണ്ടാമത്തെ പരാതി പൊലീസിനാണ്. നല്കിയത് കോട്ടയത്ത് കുറവിലങ്ങാട്ടെ മഠത്തിലുള്ള ഒരു കന്യാസ്ത്രീ. കത്തോലിക്ക സഭയുടെ ജലന്ധർ രൂപതയുടെ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൽ തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്നാണ് പരാതി. രണ്ടു ദിവസമായി ഈ സന്യാസിനിയുടെ സഹപ്രവർത്തകരായ അഞ്ചു കന്യാസ്ത്രീകൾ എറണാകുളത്ത് സത്യഗ്രഹം ആരംഭിച്ചിരിക്കുന്നു. അസാധാരണമായ ഒരു സമരമാണിത്. പൊലീസ് ഇക്കാര്യത്തിൽ നിയമപരമായ നടപടി ഉടൻ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇക്കാര്യത്തിൽ ഒരു ഒത്തു തീർപ്പിനും വഴങ്ങില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
പക്ഷേ, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമർപ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാൻ അവർ തയ്യാറാവുന്നില്ല. ഈ കന്യാസ്ത്രീകളോട് അവർ മുഖം തിരിക്കുന്നു. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപരിശോധിക്കണമെന്നാണ് എൻറെ അഭിപ്രായം. ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യത്തിൽ കർശന നടപടിക്ക് മുൻകൈ എടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ ക്രിസ്തീയ സഭകൾ ആത്മപരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആ ലേഖനത്തിലെ ചില ഭാഗങ്ങൾ വീണ്ടും വായിക്കാനായി താഴെ കൊടുക്കുന്നു, “കേരളത്തിലെ ക്രിസ്തീയ സഭകൾ, പ്രത്യേകിച്ചും കത്തോലിക്ക സഭകൾ, ഒരു ആത്മപരിശോധന നടത്തേണ്ട അവസരമാണിന്ന്. ഈ ആത്മപരിശോധന കേരളത്തിലെ ക്രിസ്ത്യാനികളുടെ മാത്രം ഒരു പ്രശ്നമല്ല. കേരളസമൂഹത്തിൻറെ ആകെ പുരോഗതിക്ക് ഇതാവശ്യമാണ്.”
“സഭകളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ലൈംഗിക അപവാദങ്ങളും അവയിൽ നിന്ന് പുരോഹിതരെ രക്ഷിക്കാൻ നടത്തുന്ന അധികാരപ്രയോഗങ്ങളും കാരണം കേരളത്തിലെ സഭകൾ ഇന്ന് ജനങ്ങളുടെ മുന്നിൽ തലകുമ്പിട്ട് നില്ക്കുകയാണ്. എന്നാൽ, ഈ ലൈംഗിക വിവാദങ്ങളല്ല പ്രശ്നം. സഭകളുടെ ഉള്ളിലെ ജീർണതയുടെ ബഹിർസ്ഫുരണം മാത്രമാണിവ.
ഈ ജീർണതകൾക്ക് വളംവയ്ക്കുന്നതിലൂടെ, വളരെ ഉന്നതമായ സമർപ്പണത്തോടെ ദീനാനുകമ്പാ പ്രവർത്തനങ്ങളും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളും നടത്തുന്ന കന്യാസ്ത്രീകൾക്കും പുരോഹിതർക്കും അൽമായർക്കും സഭാ നേതൃത്വങ്ങൾ ബഹുമാനം നേടിക്കൊടുക്കുകയല്ല ചെയ്യുന്നത്.”
“സ്ത്രീകളെ താഴേക്കിടയിലുള്ള വിശ്വാസികളായി സഭ കാണുന്നത് ഇന്ന് കൂടുതൽ ശക്തമായി ചോദ്യം ചെയ്യപ്പെടുകയാണ്. മദർ തെരേസയുടെ സഭയ്ക്ക് ഒരു ഇടവക വികാരി ആയിപ്പോലും സ്ത്രീയെ അംഗീകരിക്കാനാവില്ല എന്നത് ഇനിയും തുടരാനാവുമോ? പുരോഹിതരായും ബിഷപ്പുമാരായും മാർപാപ്പ തന്നെ ആയും സ്ത്രീകൾ വരുന്ന കാലം അത്ര ദൂരത്തല്ല എന്നാണ് കത്തോലിക്ക സഭയുടെ പുറത്തുനിന്നുള്ള ഒരു നിരീക്ഷകനായ ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് വത്തിക്കാനിൽ തന്നെ ശക്തമായ ഒരു സ്ത്രീ സാന്നിധ്യമുണ്ടാക്കിയിരിക്കുന്നു. പോണ്ടിഫിക്കൽ കൌൺസിൽ ഫോർ കൾച്ചറിൻറെ പ്രസിഡണ്ട് കർദിനാൾ ഗിയാൻഫ്രാങ്കോ റാവസി പറഞ്ഞത്, “വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് ആരംഭം കുറിക്കേണ്ടിയിരിക്കുന്നു. എന്നാൽ അത് ഭംഗിക്കു വേണ്ടിയുള്ളതോ നാമമാത്രമായതോ ആയ ഒരു സാന്നിധ്യം ആവരുത്,” എന്നാണ്. പക്ഷേ, കേരളത്തിലെ കത്തോലിക്ക സഭ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നതിലും അവരെ അൾത്താരകളിൽ നിന്ന് ഒഴിവാക്കി നിറുത്തുന്നതിലും ആണ് ഗവേഷണം നടത്തുന്നത്.”
“ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ എന്നും ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ മാത്രമല്ല മുമ്പുള്ള പോപ്പുമാരും ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുമുണ്ട്. കത്തോലിക്ക പുരോഹിതർ ബ്രഹ്മചാരികളായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത് സഭയിൽ തന്നെ എന്നും വലിയ വിവാദവിഷയമായിരുന്നു. മനുഷ്യൻറെ ജൈവികത്വര ആയ ലൈംഗികതയിൽ നിന്ന് പുരോഹിതരെയും കന്യാസ്ത്രീകളെയും മാറ്റി നിറുത്തുന്നത് സഭ താമസിയാതെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് എൻറെ വിചാരം. ഈ ലേഖനം തയ്യാറാക്കുന്നതിനിടയിൽ, പോപ്പ് ഫ്രാൻസിസ് ദെ സെയ്റ്റ് എന്ന ജർമൻ വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വായിക്കാനിടയായി. ബ്രഹ്മചര്യം പുരോഹിതർക്ക് വേണമെങ്കിൽ തെരഞ്ഞെടുക്കാം എന്ന നിർദേശം തള്ളിക്കളഞ്ഞ പോപ്പ് പക്ഷേ, വിവാഹിതരുടെ പൌരോഹിത്യം ഒരു സാധ്യതയാണെന്ന് പറഞ്ഞു. വിവാഹിതരായ പുരോഹിതരുള്ള സഭകളിൽ ലൈംഗിക വിവാദങ്ങളില്ല എന്നല്ല. സഭാസ്ഥാപനങ്ങളുടെ അധികാരങ്ങൾ എവിടെയൊക്കെ പുരോഹിതരിൽ കേന്ദ്രീകരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഈ ചൂഷണം ഉണ്ട്.”
“ഏതാനും ആഴ്ച മുമ്പു പുറത്തിറങ്ങിയ ഔട്ട്ലുക്ക് വാരികയുടെ കവർ സ്റ്റോറി, കേരളത്തിലെ ക്രിസ്തീയ പുരോഹിതരുടെ ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ചാണ്. റോബിൻ വടക്കുംചേരിയുടെ സംഭവം പുറത്തുവരുന്നതിന് മുമ്പാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. പൊതുസമൂഹം കേരളീയ ക്രിസ്ത്യൻ പുരോഹിതരെ എങ്ങനെ കാണുന്നു എന്നതിനൊരു സാക്ഷ്യപത്രമാണിത്. പുരോഹിതരുടെ ലൈംഗിക അക്രമങ്ങളുടെ പേരിൽ മാർപാപ്പ പരസ്യമാപ്പ് പറഞ്ഞുവെങ്കിലും കേരള സഭ ഒരിക്കലും അതിന് തയ്യാറായിട്ടില്ല എന്നും ഒരു പുരോഹിതനെപ്പോലും പുറത്താക്കിയിട്ടില്ല എന്നും ഈ റിപ്പോർട്ട് പറയുന്നു. മാപ്പ് പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, സിസ്റ്റർ അഭയ കേസിലടക്കം എല്ലായ്പ്പോഴും പുരോഹിതരെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാനാണ് സഭകൾ തയ്യാറായിട്ടുള്ളതെന്നും പറയുന്നു.”
ഒരു കാര്യം കൂടെ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. അമേരിക്കയിലെ പെൻസിൽവാനിയയിലെ ഗ്രാൻഡ് ജൂറി 18 മാസത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട ഒരു പഠനം അവിടത്തെ കത്തോലിക്ക സഭയിലാകെ കലാപകാരണമായിരിക്കുകയാണ്. പെൻസിൽവാനിയയിലെ എട്ടിൽ ആറ് രൂപതകളിൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച 1400 പുറങ്ങളുള്ള ഈ പഠനം അവിടത്തെ 300 പുരോഹിതർ ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കാര്യം വിവരിക്കുന്നു. ഈ പീഡനങ്ങളെയെല്ലാം സഭാ സംവിധാനം വളരെ കരുതലോടെ മറച്ചുവച്ചു എന്നും ജൂറി പറയുന്നു. വാഷിങ്ടൺ ഡിസിയിലെ കർദിനാളായ തിയോഡർ മക് കാരിക്ക് അമേരിക്കൻ കത്തോലിക്ക സഭയിലെ പ്രൌഢമായ ആർച്ച് ബിഷപ്പ് ഓഫ് വാഷിങ്ടൺ ഡിസി എന്ന സ്ഥാനത്ത് നിന്ന് രാജി വച്ചതിൻറെ തൊട്ടു പിന്നാലെയാണ് ഈ വിവാദം വരുന്നത്. ലൈംഗിക അക്രമങ്ങളുടെ പേരിൽ അദ്ദേഹം വത്തിക്കാനിൽ സഭാവിചാരണ നേരിടാൻ പോവുകയാണ്. അതിശക്തനായിരുന്ന ഈ ആർച്ച് ബിഷപ്പിനോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിക്കുന്നത്, “ആരോപണങ്ങൾ അന്വേഷിച്ചു തീരും വരെ പ്രാർത്ഥനയുടെയും പശ്ചാത്താപത്തിൻറെയും ഒരു ജീവിതം ജീവിക്കൂ” എന്നാണ്. മാർപാപ്പ പറഞ്ഞതു തന്നെയാണ് കേരളത്തിലെ ചില കത്തോലിക്ക മെത്രാന്മാരോട് എനിക്കും പറയാനുള്ളത്.