ബിജെപിയുടെ പണക്കൊഴുപ്പ് മാത്രമല്ല അതിന് കാരണം: തുറന്നു പറഞ്ഞ് എം എ ബേബി

ചൊവ്വ, 6 മാര്‍ച്ച് 2018 (11:01 IST)
ഇടതു കോട്ടയായിരുന്ന ത്രിപുരയിലെ ബിജെപിയുടെ ജയം അവിശ്വസനീയമാണ്. ഇത്ര വലിയൊരു തോല്‍‌വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ത്രിപുരയിലെ തോല്‍‌വിക്ക് പാര്‍ട്ടി കൂടി കാരണമായിട്ടുണ്ടെന്ന് പറയുകയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി.
 
ത്രിപുരിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിനും, ബിജെപിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന ബേബിയുടെ നിലപാട് പുറത്തുവരുന്നത്.
 
പാര്‍ട്ടി ഭരണത്തില്‍ നിന്നും മാറിപ്പോയി, ത്രിപുരയില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും കുറഞ്ഞ 7 ശതമാനം വോട്ട് വലിയ ഇടിവു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് സംഘപരിവാര പക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതും, പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഇനിമുതല്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, ത്രിപുരയില്‍ അക്രമം അഴിച്ചുവിടുകയാണ് ബിജെപി. ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. 
 
സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയമാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അക്രമണത്തിന്റെ ചിത്രങ്ങള്‍ സിപിഎം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍