‘കൂടപ്പിറപ്പുകളെ രക്ഷപെടുത്തിയതിന് പണം വേണ്ട സർ’- നന്മ നശിക്കാത്ത കേരളത്തിന്റെ നേർക്കാഴ്ചയായി ഖായിസിന്റെ വാക്കുകൾ

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:02 IST)
കേരളത്തെ ബാധിച്ച മഹാപ്രളയത്തിൽ നിന്നും കൂടപ്പിറപ്പുകളെ രക്ഷപെടുത്തിയതിന് പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളി ഖായിസ്. കേരളത്തിന്റെ സൈന്യം മല്‍സ്യത്തൊഴിലാളികളാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
 
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും പണവും വാഗ്ദാനം ചെയ്തു. തകര്‍ന്ന ബോട്ടുകൾ നന്നാക്കി നൽകുമെന്നും ഉറപ്പ് നൽകി. എന്നാൽ, പണം വേണ്ടെന്നും ബോട്ടുകൾ മാത്രം നന്നാക്കി തന്നാൽ മതിയെന്നും ഖായിസ് പറയുന്നു. 
 
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മല്‍സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.  
 
'ഞാനും എന്റെ മല്‍സ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു, സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മല്‍സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിനു കാശ് ഞങ്ങള്‍ക്കു വേണ്ട.'
 
'സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’. ഇതാണ് ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article