കേരളം ഇന്നെങ്ങും കണ്ടിട്ടില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ തിരക്കിലാണ്. കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ട് സൈന്യത്തിന്‍റേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസെന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു.
സൈന്യത്തിലെ അംഗമാണെന്ന വ്യാജേനെ ഇയാൾ പറഞ്ഞ കാര്യങ്ങൾ വീഡിയോ ആക്കി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ, ഇത് വ്യാജ പ്രചരണം ആണെന്ന് വ്യക്തമാക്കി സൈന്യം തന്നെ രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയകളിൽ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തി. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്.