'എവിടെയും ഞങ്ങളെ നിങ്ങൾ കണ്ടില്ലെങ്കിൽ മാപ്പ്'- വൈറലായി ഒരു ഫയർമാന്റെ കുറിപ്പ്

ബുധന്‍, 22 ഓഗസ്റ്റ് 2018 (12:13 IST)
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് ജനത. നഷ്ടപ്പെട്ടതൊക്കെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണവർ. പ്രളയത്തിൽ നിന്നും ജീവൻ പകർന്നു നൽകിയത് സൈന്യത്തിനും മത്സ്യത്തൊഴിലാളികൾക്കും ആർമിക്കും നന്ദി അറിയിക്കുന്നവർ മറന്നു പോകുന്ന ഒരുകൂട്ടം ആളുകളുണ്ട്- ഫയർഫോഴ്സ്.
 
തുടക്കം മുതൽ ഒടുക്കം വരെ ജനത്തിനായി നിലകൊണ്ടവരെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും തീർത്തും അവഗണിക്കുകയായിരുന്നു. അല്ലെങ്കിൽ, അവർ കാണാതെ പോവുകയായിരുന്നു. ഇപ്പോൾ തങ്ങളെ കാണാത്തവരോട് മാപ്പ് ചോദിച്ചു കൊണ്ട് ഫയഫോഴ്സ് ഉദ്യോഗസ്ഥനായ ശ്യാം സുരേന്ദ്രൻ എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
 
ശ്യാമിന്റെ പോസ്റ്റിന്റെ പൂർണരൂപം:
 
തീർത്തും ആത്മ സംതൃപ്തിയോടെയാണ് ഞാൻ എന്റെ സഹപ്രവർത്തകർക്ക് വേണ്ടി നിങ്ങളോട് മാപ്പ് ചോദിക്കുന്നത്. ഇങ്ങിനെ ഒരു പോസ്റ്റ് സത്യത്തിൽ പാടില്ല ഈ അവസരത്തിൽ എന്നിരുന്നാലും സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും കണ്ട ചില പോസ്റ്റുകളും വാർത്തകളും മനസ്സിൽ ഉണ്ടാക്കിയ സങ്കടം കൊണ്ട് എഴുതി പോകുന്നതാണ്.
 
എയർ ഫോഴ്സ്.. നേവി.. ആർമി.. പോലീസ് കേന്ദ്ര സേന.. ഇവരാണ് ജനങ്ങൾക് ഹീറോ.. അപകടത്തിന്റെ തുടക്കത്തിൽ സ്വജീവൻ മറന്നു നിങ്ങളെ നെഞ്ചോട് ചേർത്തവരാണ് ഞങ്ങൾ തുടക്കത്തിലെടുത്ത വലിയ തീരുമാനങ്ങൾ ആണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഫയർഫോഴ്‌സ് എന്ന നാമം മറന്ന ജനതയോടും സോഷ്യൽ മീഡിയയിൽ ഇരുന്നു രക്ഷാപ്രവർത്തനം നടത്തിയവരോടും ഞങ്ങളുടെ പുറകിൽ നിന്നും തങ്ങൾ സുരക്ഷിതരാണ് എന്ന് മനസ്സിൽ കണ്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരോടും മാപ്പ്... 
 
നിങ്ങളുടെ മുന്നിൽ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല മാപ്പ്‌. 101 അത് വെറും ഒരു നമ്പർ അല്ല.. അത് ഒരു വിശ്വാസം ആണ്... അത് ഒരു പ്രതീക്ഷയാണ്.. വിളിച്ചാൽ സ്വന്തം സുരക്ഷാ മറന്നും അവർ വരും.. ഞങ്ങളെ രക്ഷിക്കും.. എന്ന പ്രതീക്ഷ എവിടെയെങ്കിലും തകർന്നു പോയെങ്കിൽ അതിനു മാപ്പ്. 
 
ദുരന്ത മുഖങ്ങളിൽ ഒരു ജീവൻ രക്ഷ ഉപാധിയും കൂടാതെ ഓടിയെത്തുന്നവരാണ് ഞങ്ങൾ .. വെറും ജോലിയല്ല ഞങ്ങൾക്കു ഇത്.. അപകടമുഖങ്ങളിൽ കാണുന്നത് ഞങ്ങളുടെ ഉറ്റവരെ തന്നെയാണ് അത് തന്നെയാണ് അതിനു കാരണം. 3200 ഫയർഫോഴ്‌സ് കാരനും കഴിഞ്ഞ 20 ദിവസമായി റസ്റ്റ് എന്തെന്നറിയാതെ കേരള ജനതക്ക് ഒപ്പമുണ്ടായിരുന്നു എന്നത് ഞങ്ങളുടെ വിശ്വാസമാണ്.. നിങ്ങൾക് ഞങ്ങളെ എങ്ങും കാണാൻ കഴിഞ്ഞില്ലേൽ മാപ്പ്‌.. 
 
ഇടുക്കിയിലായിരുന്നു എനിക്ക് ഡ്യൂട്ടി.. പണ്ട് കൊതിയോടെ മനസ്സിൽ കണ്ട ഇടുക്കി.. മൂന്നാറിൽ ഹോട്ടൽ തകർന്നു 8 പേർ കുടുങ്ങി.. കോൺക്രീറ്റ് പാളികൾക് ഇടയിൽ ആള് കുടുങ്ങി കൂടുതൽ ഉപകരണങ്ങൾ വേണം എന്ന കാളിനാണ് ഞാൻ ആദ്യം പോയത്..6 പേരെ ജീവനോടെയും ഒരാളെ മരണ ശേഷവും ആണ് പുറത്തെത്തിച്ചത്.. തിരികെ ഇടുക്കിക് വരും വഴി അടുത്ത ഉരുൾപൊട്ടി... 3പേർ 100 മീറ്റർ ദൂരേക് തെറിച്ചുപോയി.. സാറേ മണ്ണിനടിയിൽ ആളുണ്ട് എന്ന വിളി കേട്ട് ഞങ്ങൾ പാറയും ചെളിയും നിറഞ്ഞ ഉരുളിലേക് സ്വന്തം ജീവൻ മറന്നും ഓടിക്കയറി.. കോൺക്രീറ്റ് കട്ടകൾ അരക്കു താഴെ തറച്ചതിനാൽ നന്നേ പണിപ്പെട്ടു ഒരു ജീവൻ പുറത്തെടുക്കാൻ.. ഹോസ്പിറ്റലിക്ക് മാറ്റുമ്പോൾ അവൻ നിറഞ്ഞ കണ്ണുകളോടെ ഞങ്ങളോട് നന്ദി പറഞ്ഞു.. 
 
ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം ആദ്യം വന്നിടിക്കുന്നത് ഞണ്ടാളുടെ സ്റ്റേഷന് 150 മീറ്റർ അകലെ ആണെന് അറിഞ്ഞപ്പോ മനസ്സിൽ പേടി തോന്നിയില്ല.. പക്ഷെ ഞങ്ങളുടെ സ്റ്റേഷന് 50 മീറ്റർ അപ്പുറത് ഉരുൾ പൊട്ടി എന്ന് കേട്ടപ്പോൾ നെഞ്ച് ഒന്ന് പതറി.. അതുവരെ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്ററ് ചുറ്റളവിൽ മനുഷ്യരായി ഉണ്ടായത് ഞങ്ങളും ഗാന്ധിനഗർ നിവാസികൾ മാത്രമായിരുന്നു.. ഇടുക്കി അവരെ ചതിക്കില്ല എന്ന വിശ്വാസമാണ് അവരെ അവിടെ പിടിച്ചു നിർത്തിയത്. 
 
ഒഴിഞ്ഞു പോകണമെന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ ജനിച്ച മണ്ണ് വിട്ടു പോകാൻ ചിലർ വിസമ്മതിച്ചു.. പക്ഷെ ഭൂമി പിളർന്ന് പാറയും വെള്ളവും വന്നത് നിമിഷങ്ങൾക് ഉള്ളിലാണ്.. ആളുകൾ നിലവിളിച്ച സ്റേഷനിലേക് വന്നു.. ചെന്ന് നോക്കുമ്പോൾ കാണുന്നത് ഒരു കിലോമീറ്റർ താഴേക്കു മണ്ണും പാറയും ഒഴുകി വന്നു നില്കുന്നു 2 കുട്ടികളടക്കം 6 പേരെ മണ്ണ് ഉള്ളിലേക്കു വലിച്ചുകൊണ്ടു പോയി.. 2ജീപ്പ് 2 ഓട്ടോ ദൂരേക്ക് തെറിച്ചു പോയി.. 
 
മുകളിൽ കലി തീരാതെ താഴേക്കു ഒലിച്ചുകൊണ്ടിരിക്കുന്ന ഉരുളിന് താഴേക്കു സഹപ്രവർത്തകർ ഓടി കയറി രണ്ടു പേരെ പുറത്തെടുത്തു.. ഇടുപ്പോളം ചെളി ആയതിനാൽ വേഗത്തിൽ അവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.. പിന്നീട് എല്ലാവരെയും ഞങ്ങൾ പുറത്തെടുത്തു.. 
 
രക്ഷാപ്രവർത്തനത്തിൽ ഉടനീളം ആരും മനോധൈര്യം കൈ വിട്ടില്ല. പക്ഷെ ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടിൽ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ ഞങ്ങള്ക് ഇനി ഈ ഭൂമി വേണ്ട എന്ന വാക്കുകൾ മനസ് പിളർക്കുന്നതായിരുന്നു. 

ചെങ്ങന്നൂരും പത്തനംതിട്ടയും തൃശ്ശൂരും നിങ്ങൾക് hightlights ആയപ്പോൾ നിങ്ങൾ ഇടുക്കിയെ മറന്നു .. ഞങ്ങൾ അപ്പോഴും ഇടുക്കിയോടൊപ്പം ഉണ്ടായിരുന്നു.. അതുകൊണ്ട് ഉപ്പുതോടും.. കീരിത്തോടും.. എനിക്ക് ഇപ്പോഴും പേരറിയാത്ത കുറെ സ്ഥലങ്ങളിൽ ജീവനുകൾ കവർന്ന ഉരുൾ പൊട്ടലുകൾ പുറംലോകം അറിഞ്ഞില്ല.. അറിയിക്കാൻ ഞങ്ങൾക്കും സമയം ഇല്ലായിരുന്നു മാപ്പ്. 
 
രക്ഷാപ്രവർത്തനത്തിന് പോകുമ്പോൾ ജീപ്പിനു മുന്നിലേക്കു ഉരുൾ കല്ലും ചെളിയുമായി രുദ്ര രൂപത്തിൽ വന്നപ്പോഴും.. കൂടെ നിന്ന ആളെ ഉരുൾ കവർന്നെടുത്ത പോയപ്പോഴും സ്വന്തം തോൾ എയർ ലിഫ്റ്റ് ആയപ്പോഴും.. യൂണിഫോം സ്ട്രക്ച്ചർ ആയപ്പോഴും.. നിങ്ങളെ അറിയിക്കാൻ ഞങ്ങൾ മറന്നു മാപ്പ്. 
 
യൂണിഫോം ഇട്ടവർ എല്ലാം പോലീസുകാർ ആയപ്പോഴും ഞങ്ങൾക്ക് നിങ്ങൾക് അറിഞ്ഞില്ല അറിയിക്കാൻ ഞങ്ങൾകൊട്ടു സമയവും കിട്ടിയില്ല മാപ്പ്. കാരണം കരഞ്ഞു കലങ്ങിയ കണ്ണുമായ് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ സന്തോഷം പറഞ്ഞവരും നെഞ്ചോട് ചേർത്തു പുണർന്നവരും.. അവരുടെ മനസ്സിൽ ഉണ്ട് ഓരോ ഫയർഫോഴ്‌സുകാരനും അത് മാത്രം മതി ഞങ്ങൾക്ക്. 
 
മൂക്ക് പൊത്തിക്കൊണ്ട് മാത്രമേ യൂണിഫോമിൽ നോക്കാൻ കഴിയുന്നുള്ളു.. ദിവസങ്ങൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനം യൂണിഫോം ചീത്തയാക്കി സിവിൽ ഡ്രെസ്സിൽ എത്തിയ ഫോയർഫോഴ്‌സുകാരനെ ആരും കാണില്ല മാപ്പ്. ഞങ്ങളെ ഓർക്കാത്തതിൽ വിഷമമില്ല കാരണം നിങ്ങൾ പറയും പോലെ പിന്നെ എന്തിനാ സർക്കാർ ഇവന്മാർക് ശമ്പളം കൊടുക്കുന്നെ ഇതിനൊക്കെ വേണ്ടിയല്ലേ.. 
 
2 ലക്ഷത്തോളം പേരെ ഫയർഫോഴ്‌സ് രക്ഷിച്ചു എന്ന വാർത്ത ഒരു ചെറിയ കോളത്തിൽ പ്രമുഖ പാത്രത്തിൽ കണ്ടപ്പോൾ അത് ഞങ്ങളുടെ 3200 ജീവനുകൾ പകരം തരാം എന്ന കരാറിൽ യമദേവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയതാണ് എന്ന് അഹങ്കാരത്തോടെ ഞങ്ങൾ പറയും . 
 
ഇനി മാപ്പ് പറയാനുള്ളത് 3200 ഫയർഫോഴ്‌സ് കാരന്റെയും അമ്മയോടും അച്ഛനോടും ഉറ്റവരോടുമാണ്... 
ഞങ്ങൾ പറഞ്ഞ കള്ളങ്ങൾ കേട്ട് കരച്ചിൽ അടക്കിയതിനു.. കുടിക്കൽ വെള്ളം ഇല്ലാത്തപ്പോഴും വയറു നിറച്ചു ആഹാരവും കഴിച്ചു എന്ന് പറഞ്ഞപ്പോ വിശ്വസിച്ചതിനു.. കിടക്കുന്ന ചുവരിനോട് ചേർന്നിരിക്കുന്ന തകര ഷീറ്റ് ഡാമിൽ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തിയിൽ വിറക്കുമ്പോൾ ഒന്ന് നേരെ ഉറങ്ങാൻ പറ്റാത്തപ്പോഴും സുഖമായി ഉറങ്ങാൻ സമ്മതിക്കില്ല ഈ 'അമ്മ' എന്ന് പറയുമ്പോൾ മക്കൾ സുഖമായി ഉറങ്ങിക്കോ എന്ന് പറഞ്ഞതിന്.. പറഞ്ഞു കൂട്ടിയ നൂറു കണക്കിന് കള്ളങ്ങൾക് മാപ്പ്.
 
ഇനി ആരും അറിയാതെ ഞങ്ങളെ പോലെ ഉള്ള കുറെ ആൾക്കാരുണ്ട് മാധ്യമവും സോഷ്യൽ മീഡിയയും മറന്നവർ അവർക്കുവേണ്ടിയും കൂടിയാണ് ഈ മാപ്പുപറച്ചിൽ.. ആർമി എയർ ഫോഴ്സ് നേവി NDRF.. കേന്ദ്ര സേന (നിങ്ങളെ ഞങ്ങൾ മറക്കില്ല.. അമ്മാതിരി ഒരുപാട് ചെറ്റത്തരം നിങ്ങൾ കാണിച്ചു പക്ഷെ പുറത്തു പറയുന്നില്ല) അവരുടെ രക്ഷ പ്രവർത്തനം ചിത്രീകരിക്കാനും ജനങ്ങളിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ട ആളുകൾ ഉണ്ട് ഇതിനൊന്നിനും ആളില്ലാത്തവർ ഉണ്ട് ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന ഫയർഫോഴ്‌സ് ജീവനക്കാർ, കടലിന്റെ മക്കൾ,  പേരറിയാത്ത നാട്ടുകാർ, കൊടികൾക്കോ നിറങ്ങൾക്കോ മുന്നിൽ അണി നിരക്കാത്തവർ, സോഷ്യൽ മീഡിയയിലെ ചില നല്ല മനുഷ്യർ... 
 
#കേരളം 
ഞങ്ങൾ കേറി വരും തകർത്തതെല്ലാം തിരികെ കൊണ്ട് വരും ഒറ്റക്കെട്ടായി.. തളർത്താനാകില്ല ഞങ്ങളെ... 
 
ഓരോ ഫയർഫോഴ്‌സ് കാരനും നിങ്ങൾക്കൊപ്പം ഉണ്ടാകും സ്വന്തം ജീവൻ മറന്നും. അതിനു ഒരു # ടാഗും വേണ്ട .ഒരു അവാർഡും വേണ്ട. സോഷ്യൽ മീഡിയകൾ വാചകപ്പുരകൾ ആക്കാൻ സമയമില്ല. കർമ്മ നിരതരായി ഒറ്റക്കെട്ടായി നമുക്ക് പൊരുതാം.. ഒരു വലിയ ദുരന്തം വരാനിരിക്കുന്നു പകർച്ച വ്യാധിയുടെ രൂപത്തിൽ.. പൊരുതാം നമുക്ക്.. കൈപിടിച്ചുയർത്താം ദുരിതം അനുഭവിക്കുന്നവരെ പുതു ജീവിതത്തിലേക്കു. മരണം മുന്നിൽ കാണുമ്പോഴും ഓരോ ഫയർഫോഴ്‌സുകാരനും നിങ്ങൾക്കൊപ്പം ഉണ്ടാകും.. ഇത് ഞങ്ങൾ നിങ്ങൾക് നൽകുന്ന ഉറപ്പ്.. 
 
ഞങ്ങൾക്ക് നഷ്ടപ്പെട്ടാൽ 3200 ജീവനുകൾ.. പക്ഷെ ഞങ്ങൾ കൂടെ കൂട്ടിയത് ലക്ഷങ്ങളുടെ ജീവിതം.. ഞങ്ങൾക്ക് പിന്മുറക്കാറുണ്ട് ചങ്കൂറ്റത്തോടെ അവർ വരും നിങ്ങളുടെ ഓരോ ജീവനും കൈത്താങ്ങായി.. ഉറപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍