'ഞാനുമുണ്ട് കൂടെ, ഇനി കരുതലോടെ നീങ്ങണം’- മമ്മൂട്ടിയുടെ വാക്കുകൾക്ക് കൈയ്യടിച്ച് കളക്ടർ ബ്രോ

ബുധന്‍, 22 ഓഗസ്റ്റ് 2018 (10:52 IST)
വെളളപ്പൊക്കവും മഴയും അവസാനിച്ചു. ഇനിയുള്ളത് ആരോഗ്യ പ്രശ്നങ്ങളാണ്. പ്രളയക്കൊടുതിയിൽ നിന്ന് കരകയറാനുളള അതിജീവന ശ്രമത്തിലാണ് മലയാളികൾ. പ്രളയത്തിൽ നിന്നും കരകയറിയ നമ്മൾ ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് മെഗാസ്റ്റാർ മമ്മൂട്ടി ഓർമിപ്പിക്കുന്നു. 
 
ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾക്ക് കൈയ്യടിച്ച് കളക്ടർ ബ്രോ പ്രശാന്തും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ വാക്കുകളിലൂടെ:
 
‘പ്രിയപ്പെട്ടവരെ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഓരേ മനസ്സോടേ, ഓരേ ശരീരത്തോടേ, ഓരേ ലക്ഷ്യത്തോടെ നമ്മൾ അതിജീവിച്ചു കഴി‍ഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയത്തിന് മുൻപും ശേഷവും എന്ന് ‌ കേട്ടിട്ടില്ലേ. പ്രളയം കഴിഞ്ഞു ഇനി പ്രളയത്തിനു ശേഷമാണ്. ജനങ്ങൾക്ക് അവരുടെ ഒരുപാട് സ്വപ്നങ്ങളും വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അതൊക്കെ ഇനി തിരിച്ചെടുക്കണം‌. അതിനുളള ധൈര്യം നമ്മൾ വേണം പകർന്നു നൽകാൻ’.- മമ്മൂട്ടി പറഞ്ഞു.
 
ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു. വീടുകളിലേയ്ക്ക് ഒരുപാട് മാലിന്യ ജലം കയറിയിട്ടുണ്ട്. അതിൽ അണുക്കളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ വളരെ കരുതലോടേയും ശ്രദ്ധയോടേയും വേണ ചെയ്യാൻ. പകർച്ച വ്യാധികൾ ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങുക. ഒന്നും ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍